അത്ഭുതങ്ങളില്ല: ജയം 113 റണ്‍സിന്

ചിറ്റഗോംഗ്| WEBDUNIA|
PRO
ടെസ്റ്റില്‍ അത്ഭുതങ്ങളൊന്നും ആവര്‍ത്തിക്കാന്‍ ബംഗ്ലാദേശിനാവില്ലെന്ന ഇന്ത്യന്‍ നായകന്‍ വീരേന്ദര്‍ സേവാഗിന്‍റെ വാക്കുകള്‍ ശരിവെച്ച് ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശ് 113 റണ്‍സിന് കീഴടങ്ങി. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിലും സന്ദര്‍ശകരെ വിറപ്പിച്ചു വിട്ടാണ് ബംഗ്ലാ കടുവകള്‍ തലകുനിച്ചത്. രണ്ടാം ഇന്നിംഗ്സില്‍ വാലറ്റത്തെ കൂട്ടുപിടിച്ച് മുഷ്ഫിഖുര്‍ റഹിം നടത്തിയ സെഞ്ച്വറി പോരാട്ടം തളരാത്ത ബംഗ്ലാ വീര്യത്തിന് തെളിവായി.

101 റണ്‍സെടുത്ത റഹീമിനെ പുറത്താക്കി അമിത് മിശ്ര ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കി. സ്കോര്‍ ഇന്ത്യ: 243, 413/8, ബംഗ്ലാദേശ്: 242 ,301. ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറിയുമായി ഇന്ത്യന്‍ ബാറ്റിംഗിന്‍റെ നട്ടെല്ലായ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് കളിയിലെ കേമന്‍.

67/2 എന്ന നിലയില്‍ അവസാന ദിനം പോരട്ടത്തിനിറങ്ങിയ ബംഗ്ലദേശിന് അധികനേരം പിടിച്ചു നില്‍ക്കാനായില്ല. 27 റണ്‍സെടുത്ത മുഹമ്മദ് അഷ്‌റഫുളിനെ ദ്രാവിഡിന്‍റെ കൈകളിലെത്തിച്ച് ഇഷാന്ത് ശര്‍മയാണ് ബംഗ്ലാ തകര്‍ച്ചയ്ക്ക് വഴിമരുന്നിട്ടത്. റഖീബുള്‍ ഹസനെയും ഇഷാന്ത് പുറത്താക്കിയപ്പോള്‍ ഷകീബ് അല്‍ ഹസനെ സേവാഗിന്‍റെ കൈകളിലെത്തിച്ച മിശ്ര തകര്‍ച്ചയുടെ വേഗത കൂട്ടി.

ഏഴിന് 170 എന്ന നിലയില്‍ തകര്‍ന്ന ബംഗ്ലാദേശ് എളുപ്പം പത്തിമടക്കുമെന്ന് കരുതിയെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് റഹീം നടത്തിയ പോരാട്ടം ഇന്ത്യയ്ക്ക് വിജയത്തിലും കല്ലുകടിയായി. 114 പന്തുകളില്‍ 17 ബൌണ്ടറിയും ഒരു സിക്സും പറത്തിയാണ് റഹീം 101 റണ്‍സെടുത്തത്. ഇന്ത്യക്ക് വേണ്ടി മിശ്ര നാലും ഇഷാന്ത് മൂന്നും സഹീര്‍ രണ്ടും സേവാഗ് ഒരു വിക്കറ്റും വീഴ്ത്തിയപ്പോള്‍ ശ്രീശാന്തിന് വിക്കറ്റൊന്നും ലഭിച്ചില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :