ആഭ്യന്തര ഏകദി മത്സരങ്ങള്‍ 40 ഓവറാക്കി ചുരുക്കുകയും 20 ഓവര്‍ വീതമുള്ള നാല് ഇന്നിംഗ്സുകളാക്കുകയും ചെയ്യാനുള്ള ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നീക്കത്തിനെതിരെ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ് രംഗത്ത്. 40 ഓവര്‍ മത്സരങ്ങളെ ക്രിക്കറ്റെന്ന് വിളിക്കാനാവില്ലെന്ന് പോണ്ടിംഗ് പറഞ്ഞു. ആഭ്യന്തര ഏകദിന മത്സരങ്ങള്‍ 40 ഓവറാക്കി ചുരുക്കരുതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയോട് അഭ്യര്‍ത്ഥിക്കുമെന്നും പോണ്ടിംഗ് വ്യക്തമാക്കി.
വ്യക്തിപരമായി ഞാന്‍ 40 ഓവര്‍ മത്സരങ്ങള്‍ക്ക് എതിരാണ്. ഏകദിന ക്രിക്കറ്റ് അതിന്‍റെ പാരമ്പര്യം നിലനിര്‍ത്തണമെന്ന് തന്നെയാണ് എന്‍റെ അഭിപ്രായം. ഒരു മത്സരത്തില്‍ 40 വിക്കറ്റുകള്‍ എന്നത് കാണികളെ ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. മാത്രമല്ല ട്വന്‍റി-20 മത്സരങ്ങളില്‍ നിന്ന് ഇതിന് കാര്യമായ വ്യത്യാസമൊന്നും ഇല്ലതാനും. ഇതെല്ലാം പരിഗണിച്ചശേഷം മാത്രമേ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനം നടപ്പാക്കാവൂവെന്നും പോണ്ടിംഗ് പറഞ്ഞു.
ഓസീസ് താരങ്ങളുമായി തന്‍റെ അഭിപ്രായം പങ്കുവെച്ചിട്ടില്ലെന്നും പോണ്ടിംഗ് പറഞ്ഞു. പരിഷ്കാരം നടപ്പാക്കും മുന്‍പ് ക്രിക്കറ്റ് ഓസ്ട്രേലിയ കളിക്കാരുടെ അഭിപ്രായം തേടുമെന്നാണ് കരുതുന്നത്. മുന്‍പുണ്ടായിരുന്നതിനേക്കാള്‍ 50 ഓവര്‍ മത്സരങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ ആകര്‍ഷകമായിട്ടുണ്ട്. ചിലപ്പോള്‍ ഏകദിന മത്സരങ്ങള്‍ ട്വന്‍റി-20 മത്സരത്തേക്കാള്‍ ആവേശകരമാവാറുണ്ടെന്നും പോണ്ടിംഗ് വ്യക്തമാക്കി.