സ്റ്റേഡിയം നിര്‍മാണം തടസ്സപ്പെടുത്തുമെന്നും മോഡി ഭീഷണിപ്പെടുത്തി
മുംബൈ|
WEBDUNIA|
PRO
ഐ പി എല്‍ ടീം ലേലത്തില്‍ കൊച്ചി ഫ്രാഞ്ചൈസിയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങളില്‍ നിന്ന് പിന്മാറിയില്ലെങ്കില് ഇടക്കൊച്ചിയിലെ നിര്‍ദിഷ്ട ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മാണം തടസ്സപ്പെടുത്തുമെന്നും ലളിത് മോഡി ഭിഷണി മുഴക്കിയതായി കൊച്ചി ടീം ബി സി സി ഐയ്ക്ക് പരാതി നല്കി.
സ്റ്റേഡിയം നിര്‍മാണത്തിനെതിരെ പൊതു താല്പര്യ ഹര്‍ജി നല്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീട്ടിക്കൊണ്ടു പോകുമെന്നും ഒറ്റ മല്‍സരം പോലും കൊച്ചിയില്‍ നടക്കില്ലെന്ന് ഉറപ്പാക്കുമെന്നുമാണ് മോഡി ഭിഷണി മുഴക്കിയത്.
കൊച്ചി ടീമിനെ അട്ടിമറിക്കാന്‍ ലളിത് മോഡി ശ്രമിച്ചുവെന്ന കൊച്ചി ഐപിഎല്‍ ടീമുടമകളായ റൊണ്‍ഡിവൂ സ്പോര്‍ട്സിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നു ബിസിസിഐ അധികൃതര്‍ സ്ഥിരീകരിച്ചു. കൊച്ചി ടീം മികച്ച കളിക്കാരെ സ്വന്തമാക്കുന്നത് തടയുമെന്നായിരുന്നു മോഡിയുടെ മറ്റൊരു ഭീഷണി.
ഗുവാഹതിയോ, ഭിവാനിയോ അല്ലാതെ നിങ്ങള്‍ക്ക് ഒരു സ്ഥിരം ഹോം ഗ്രൌണ്ട് ഉണ്ടാവില്ലെന്നും കൊച്ചി ടീമില്‍ രണ്ടാം നിര കളിക്കാര്‍ മാത്രമെ ഉണ്ടാവൂ എന്നും താന്‍ ഉറപ്പു വരുത്തുമെന്നും മോഡി ഭീഷണിപ്പെടുത്തി. കൊച്ചി ടീമുമായി ഫ്രാഞ്ചൈസി കരാര്‍ ഒപ്പിടാതിരിക്കാനും ടീം നിലവില്‍ വരുന്നത് അട്ടിമറിക്കാനും മോഡി പരമാവധി ശ്രമിച്ചതായും കൊച്ചിക്കു പരാതിയുണ്ട്.