ഐപിഎല്ലില്‍ നിന്ന് സ്പോണ്‍സര്‍മാരും പങ്കാളികളും പിന്മാറാന് ആലോചിക്കുന്നെന്ന വാര്‍ത്ത ചെയര്മാന് ലളിത് മോഡി നിഷേധിച്ചു. എല്ലാ സ്പോണ്‍സര്‍മാരും പങ്കാളികളും ഇപ്പോഴും ബോര്‍ഡിലുണ്ടെന്ന് മോഡി പറഞ്ഞു. കൂടുതല്‍ പേര് ബോര്‍ഡില്‍ പങ്കാളിത്തം നേടാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുംബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോഡി.
മുഖ്യ സ്പോണ്‍സര്‍മാരായ ഡിഎല്‍എഫ് വാഗ്ദാനം ചെയ്തതിന്റെ പകുതി തുകയേ നല്കിയുള്ളു എന്ന വാര്‍ത്തയും മോഡി നിഷേധിച്ചു. 200 കോടിയുടേതാണ് ഡിഎല്‍എഫുമായുള്ള കരാര്‍. എല്ലാവരും വാഗ്ദാനം ചെയ്ത തുക നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ തുക വാഗ്ദാനം ചെയ്ത് നിരവധി സ്പോണ്‍സര്‍മാര്‍ സമീപിക്കുന്നുണ്ടെന്നും ലളിത് മോഡി വ്യക്തമാക്കി.
സോണിയുടെ സിഇഐഒ കുനാല്‍ ദാസ് ഗുപ്തയുടെ രാജി ഐപിഎല്ലിനെ ഒരിക്കലും ബാധിക്കില്ലെന്നും മോഡി പറഞ്ഞു. സോണിയുടെ ആഭ്യന്തര കാര്യമാണിതെന്നും ടൂര്‍ണ്ണമെന്റില്‍ നിന്ന് സോണി പിന്മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജസ്ഥാന് ക്രിക്കറ്റ് അസോസിയേഷന് തെരഞ്ഞെടുപ്പ് പുനക്രമീകരിച്ചുകൊണ്ടുള്ള സുപ്രീം കോടതിവിധിയെ സ്വാഗതം ചെയ്യുന്നതായും മോഡി പറഞ്ഞു.