രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ബംഗ്ലാദേശിനെതിരേ ശ്രീലങ്കയ്ക്ക് ഏഴു വിക്കറ്റ് വിജയം. രണ്ട് ടെസ്‌റ്റുകളുടെ പരമ്പര 1-0 ത്തിനാണു ലങ്ക സ്വന്തമാക്കിയത്.
ഒന്നാം ടെസ്‌റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ 160 റണ്‍സിന്റെ വിജയലക്ഷ്യവുമായിറങ്ങിയ ലങ്കയ്‌ക്ക് ഓപ്പണര്‍ തിലകരത്‌നെ ദില്‍ഷന്‍ (51), കുമാര്‍ സംഗക്കാര (55) എന്നിവരുടെ അര്‍ധ സെഞ്ചുറികള്‍ തുണയായി. സ്‌കോര്‍: ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്‌സ് 240, രണ്ടാം ഇന്നിംഗ്‌സ് 265. ശ്രീലങ്ക ഒന്നാം ഇന്നിംഗ്‌സ് 346, രണ്ടാം ഇന്നിംഗ്‌സ് മൂന്നിന് 160.
രണ്ടാം ഇന്നിംഗ്‌സില്‍ ഏഴു വിക്കറ്റെടുത്തു കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ലങ്കയുടെ ഇടം െകെയന്‍ സ്‌പിന്നര്‍ രംഗന ഹെറാത്താണു മത്സരത്തിലെ താരം. 35 ാം ജന്മദിനം ആഘോഷിച്ച രംഗനയ്‌ക്ക് വിജയം ഇരട്ടി മധുരമായി. ഒന്നാം ഇന്നിംഗ്‌സില്‍ അദ്ദേഹം അഞ്ചു വിക്കറ്റെടുത്തിരുന്നു. രണ്ട് ടെസ്‌റ്റുകളിലായി 441 റണ്‍സെടുത്ത കുമാര്‍ സംഗക്കാരയാണു പരമ്പരയിലെ താരം. സംഗക്കാര തുടര്‍ച്ചയായി മൂന്നു സെഞ്ചുറികള്‍ നേടിയിരുന്നു. 85 പന്തുകളില്‍ 55 റണ്‍സെടുത്ത സംഗക്കാരയെ സൊഹാഗ് ഗാസി ബൗള്‍ഡാക്കുകയായിരുന്നു.
73 പന്തുകള്‍ നേരിട്ട ദില്‍ഷനെ റോബിയുള്‍ ഇസ്ലാം ബൗള്‍ഡാക്കി. ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്‌സ് 265 റണ്‍സിന് അവസാനിച്ചിരുന്നു. ബംഗ്ലാ നായകന്‍ മുഷ്‌ഫികര്‍ റഹിമിനെ പുറത്താക്കി രംഗന ഹെറാത് ടെസ്‌റ്റില്‍ 200 വിക്കറ്റ് തികയ്‌ക്കുകയും ചെയ്‌തു. ഓപ്പണര്‍മാരായ തമീം ഇഖ്‌ബാല്‍ (59), ജാഹ്‌രുള്‍ ഇസ്ലാം (48), മോമിനുള്‍ അഷ്‌റാഫുള്‍ (37), മുഷ്‌ഫികര്‍ (40) എന്നിവര്‍ മാത്രമാണു ബംഗ്ലാനിരയില്‍ ചെറുത്തുനിന്നത്. വാലറ്റക്കാരായ സൊഹാസ് ഗാസിയും (26) അബുള്‍ ഹസനും (പുറത്താകാതെ 25) ചെറുത്തുനിന്നത് ലങ്കയുടെ ജയം വൈകിപ്പിച്ചു. ഗാസിയുടെയും ഹസന്റെയും ചെറുത്തുനില്‍പ്പാണ് സ്‌കോര്‍ 250 കടത്തയത്. ഹെറാത്തിനെ കൂടാതെ പേസര്‍ ഷാമിന്ദ ഇറംഗ രണ്ടു വിക്കറ്റും ദില്‍ഷന്‍ ഒരു വിക്കറ്റുമെടുത്തു.