വൈറ്റിന് സെഞ്ച്വറി: ഓസീസിന് വിജയം

ബ്രിസ്ബെയ്ന്‍| WEBDUNIA| Last Modified വെള്ളി, 22 ജനുവരി 2010 (19:34 IST)
PRO
കാമറൂണ്‍ വൈറ്റിന്‍റെ സെഞ്ച്വറിയുടെ മികവില്‍ പാകിസ്ഥാനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് വിജയം. അഞ്ച് വിക്കറ്റിനാണ് ഓസീസ് വിജയിച്ചത്.

ടോസിന്‍റെ ആനുകൂല്യത്തില്‍ ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് കാര്യമായ ടോട്ടല്‍ നേടാനായില്ല. സല്‍‌മാന്‍ ബട്ടിന്‍റെ അര്‍ദ്ധസെഞ്ച്വറിയും ( 81 പന്തില്‍ നിന്ന് 72) യൂനിസ് ഖാന്‍റെയും (74 പന്തില്‍ നിന്ന് 46) ഷാഹിദ് അഫ്രീദിയുടെയും (26 പന്തില്‍ നിന്ന് 48)‌ ചെറുത്തുനില്‍‌പുമാണ് പാകിസ്ഥാന് പൊരുതാവുന്ന ടോട്ടല്‍ നല്‍കിയത്.

സ്ഫോടനാ‍ത്മ ബാറ്റിംഗിലൂടെ അവസാന നിമിഷം ടീമിന്‍റെ ടോട്ടല്‍ ഉയര്‍ത്തിയ അഫ്രീദിയായിരുന്നു പാക് ഇന്നിംഗ്സിലെ ശ്രദ്ധാകേന്ദ്രം. ഇരുപത്തിയാറു പന്തില്‍ നിന്ന് അഞ്ച് ഫോറുകളുടെയും മൂന്ന് സിക്സറുകളുടെയും അകമ്പടിയോടെയാണ് അഫ്രീദി 48 റണ്‍സ് നേടിയത്. കമ്രാന്‍ അക്മല്‍ മുപ്പത്തിനാലും ഉമര്‍ അക്‍മല്‍ ഇരുപത്തിമൂന്നും ഷോയിബ് മാലിക് ഇരുപത്തിയെട്ടും റണ്‍സ് എടുത്തു. 274 റണ്‍സ് ആയിരുന്നു പാകിസ്ഥാന്‍റെ സ്കോര്‍.

നാലു വിക്കറ്റെടുത്ത ഷെയ്ന്‍ വാട്സനാണ് ഓസീസ് ബൌളിംഗ് നിരയില്‍ തിളങ്ങിയത്. ക്ലിന്‍റ്‌ മക്‍കെയ്ന്‍ മൂന്ന് വിക്കറ്റും ബൊല്ലിംഗര്‍ രണ്ട് വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന് മുന്‍ നിര വിക്കറ്റുകള്‍ ആദ്യം തന്നെ നഷ്ടമായി.

വാട്സന്‍ അഞ്ച് റണ്‍സിനും മാര്‍ഷ് 15 റണ്‍സിനും പുറത്തായി. റിക്കി പോണ്ടിംഗിന് ഇരുപത്തിയേഴ് റണ്‍സ് എടുക്കാനേ സാധിച്ചുള്ളു. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച മൈക്കല്‍ ക്ലാര്‍ക്കിന്‍റെയും കാമറൂണ്‍ വൈറ്റിന്‍റെയും ബാറ്റിംഗ് ആണ് ഓസീസിന് വിജയം നല്‍കിയത്.

ക്ലാര്‍ക്ക് അമ്പത്തിയെട്ടും വൈറ്റ് 105 ഉം റണ്‍സ് നേടി. സ്കോര്‍ 260 ലെത്തി ഓസീസിന്‍റെ വിജയം ഉറപ്പിച്ച ശേഷമാണ് വൈറ്റ് പുറത്തായത്. എണ്‍പത്തിയെട്ട് പന്തില്‍ നിന്നായിരുന്നു വൈറ്റ് 105 റണ്‍സ് നേടിയത്. എട്ടു ഫോറുകളും നാലു സിക്സറുകളും വൈറ്റിന്‍റെ ബാറ്റില്‍ നിന്ന് പിറന്നു. 48.3 ഓവറില്‍ ഓസീസ് വിജയലക്‍ഷ്യം മറികടക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :