ഇന്ത്യയുടെ വന്മതില് രാഹുല്‍ ദ്രാവിഡിന് ടെസ്റ്റ് റാങ്കിംഗില്‍ മുന്നേറ്റം. ഏറെക്കാലത്തിന് ശേഷം ദ്രാവിഡ് ആദ്യ പത്തില്‍ സ്ഥാനം പിടിച്ചു. പതിമൂന്നാം സ്ഥാനത്തായിരുന്ന ദ്രാവിഡ് ഇംഗ്ലണ്ടിനെതിരായ തകര്‍പ്പന്‍ പ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍ പത്താം സ്ഥാനത്തെത്തി. എന്നാല്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ മൂന്നാം സ്ഥാനത്തുനുന്ന് അഞ്ചാം സ്ഥാനത്തേക്ക് വീണു.
ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസ് ആണ് ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമത്. ശ്രീലങ്കയുടെ സംഗക്കാര രണ്ടാം സ്ഥാനത്തും ഇംഗ്ലണ്ടിന്റെ ഇയാന്‍ ബെല്‍ മൂന്നാമതും പീറ്റേഴ്സണ് നാലാമതുമാണ്. ഇന്ത്യയുടെ വി വി എസ് ലക്ഷ്മണ് പതിനേഴാം സ്ഥാനത്തും വീരേന്ദര്‍ സേവാഗ് പത്തൊമ്പതാം സ്ഥാനത്തുമാണ്. ഗൌതം ഗംഭീറാകട്ടെ മുപ്പത്തൊന്നാം സ്ഥാനത്താണുള്ളത്.
ബൌളിംഗില്‍ ഇന്ത്യയുടെ സഹീര്‍ ഖാന് ഏഴാം സ്ഥാനത്താണ്. സഹീര്‍ മാത്രമാണ് ആദ്യ പത്തില്‍ ഇടം പിടിച്ച ഇന്ത്യന്‍ താരം. ഡെയ്ല്‍ സ്റ്റെയിന് ഒന്നാം സ്ഥാനത്തും ആന്ഡേഴ്സണ് രണ്ടാമതും ഗ്രെയിം സ്വാന് മൂന്നാമതുമാണ്. ഇംഗ്ലണ്ട് - ഇന്ത്യ പരമ്പരയിലെ മാന്‍ ഓഫ് ദി സീരീസായ സ്റ്റുവര്‍ട്ട് ബ്രോഡ് അഞ്ചാം സ്ഥാനത്താണുള്ളത്.