പുറത്ത് പരുക്കേറ്റതിനെ തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സിന്റെ തീക്കരുത്ത് ലസിത് മലിംഗ നാട്ടിലേക്ക് മടങ്ങി. ഐ പി എല്‍ ക്രിക്കറ്റില്‍ വന്‍ മുന്നേറ്റം പ്രതീക്ഷിക്കുന്ന മുംബൈ ഇന്ത്യന്‍സിന് ഇത് കനത്ത തിരിച്ചടിയായി.
കഴിഞ്ഞ നാലുകളികളില്‍ നിന്നായി മുംബൈ ഇന്ത്യന്‍സിന് വേണ്ടി മലിംഗ വീഴ്ത്തിയത് ഒമ്പത് വിക്കറ്റുകളാണ്. ഐ പി എല്‍ ക്രിക്കറ്റിലെ ഏറ്റവും സക്സസ്ഫുളായ ബൌളറായാണ് മലിംഗ വിലയിരുത്തപ്പെടുന്നത്.
എന്നാല്‍ മലിംഗ പരുക്കേറ്റ് മടങ്ങിയ കാര്യം മുംബൈ ഇന്ത്യന്‍സ് ടീം മാനേജുമെന്റ് നിഷേധിച്ചിരിക്കുകയാണ്. അങ്ങനെയൊരു സംഭവമില്ലെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ മലിംഗ മടങ്ങിയ കാര്യം ശ്രീലങ്കന്‍ ക്രിക്കറ്റ് സെക്രട്ടറി നിഷാന്ത രണതുംഗ സ്ഥിരീകരിച്ചു.
ഞായറാഴ്ചയാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. വാങ്കഡെ സ്റ്റേഡിയത്തില്‍ അവര്‍ കിംഗ്സ് ഇലവന് പഞ്ചാബിനെ നേരിടും.
നിലവില്‍ ഐ പി എല്‍ ടീമുകളില്‍ ആറാം സ്ഥാനത്താണ് മുംബൈ. അഞ്ച് കളികളില്‍ നിന്നായി അവര്‍ക്ക് ആറു പോയിന്റാണുള്ളത്. പരുക്കേറ്റ സച്ചിനില്ലാതെ മുംബൈ ഇതിനകം നാലുകളികള്‍ കളിച്ചുകഴിഞ്ഞു.