ന്യൂഡല്‍ഹി|
അയ്യാനാഥന്‍|
Last Modified വ്യാഴം, 6 ഓഗസ്റ്റ് 2009 (19:15 IST)
ക്രിക്കറ്റിന്‍റെ ജനപ്രീതി ആകാശം മുട്ടെ വളര്‍ന്നുവെന്നതിന് ഇനി വേറെ തെളിവൊന്നും വേണ്ട. വന്ന് വന്ന് കളി മലമുകളില്‍ വരെ എത്തിയിരിക്കുന്നു. അതും സ്വിറ്റ്സര്‍ലന്‍ഡിലെ മനോഹരമായ ആല്‍പ്സ് പര്‍വത നിരകളില്‍. അതേ ചോക്ലേറ്റുകളുടെയും റോജര്‍ ഫെഡററുടെയും നാട്ടില്‍ ഇനി ക്രിക്കറ്റ് പന്തും ഉരുളും.
സ്വിറ്റ്സര്‍ലന്‍ഡിന്‍റെ സ്വാതന്ത്ര്യ ദിനത്തൊടനുബന്ധിച്ചാണ് 12 മുന്‍ ടെസ്റ്റ് താരങ്ങള്‍ പങ്കെടുക്കുന്ന സ്നോ ക്രിക്കറ്റിന് ആല്‍പ്സ് പര്‍വത നിരകള്‍ വേദിയാവുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 11,333 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ആല്‍പ്‌സിലെ പ്രത്യേകം തയ്യാറാക്കിയ 18 വാര പിച്ചിലായിരിക്കും കളി. അഞ്ചു ഓവര്‍ വീതമായിരിക്കും മത്സരം.
മത്സരത്തില്‍ പങ്കെടുക്കുന്നവരും ചില്ലറക്കാരൊന്നുമല്ല. ഇന്ത്യയുടെ ലോകകപ്പ് നായകന്‍ കപില്‍ ദേവ്, റോജര്‍ ബിന്നി, സയ്യിദ് കിര്‍മാനി, സന്ദീപ് പാട്ടീല്‍, അന്‍ശുമാന്‍ ഗെയ്‌ക്വാദ്, അജയ് ജഡേജ എന്നിവരടങ്ങിയ ഇന്ത്യന്‍ ടീം നേരിടുന്നത് ആല്‍വിന്‍ കാളിചരണ്‍, ജെഫ് ഹെവാര്‍ത്ത്, ജോണ്‍ എംബുറെ, ക്രിസ് ബ്രോഡ്, കോളിസ് കിംഗ്, നീല്‍ റാഡ്ഫോര്‍ഡ് എന്നിവരടങ്ങിയ ഓള്‍ സ്റ്റാര്‍ ടീമിനെയാണ്. എം എ കെ പട്ടൌഡി, ഫറൂഖ് എഞ്ചിനിര്‍ എന്നിവരായിരിക്കും കളി നിയന്ത്രിക്കുക.
സ്വിസ് റെയില്‍വെ, സ്വിസ് എയര്‍ലൈന്‍സ് എന്നിവയുമായി സഹകരിച്ച് ഇന്ത്യന്‍ സ്പോര്‍ട്സ് കമ്പനിയായ ബിയോണ്ട് ബൌണ്ടറീസാണ് മത്സരം സംഘടിപ്പിക്കുന്നത്. ഐസ് ക്രിക്കറ്റ് പുതുമയല്ലെങ്കിലും കാണികള്‍ക്കും കളിക്കാര്‍ക്കും മഞ്ഞിലുള്ള ക്രിക്കറ്റ് പുതുമയുളള അനുഭവമായിരിക്കുമെന്നാണ് സംഘാടകര്‍ കരുതുന്നത്.