പിച്ചിനെ പഴിചാരി പാക് കോച്ച്

കറാച്ചി| WEBDUNIA| Last Modified തിങ്കള്‍, 23 ഫെബ്രുവരി 2009 (13:01 IST)
കറാച്ചി ടെസ്റ്റില്‍ ബൌളര്‍മാര്‍ക്ക് ശോഭിക്കാന്‍ കഴിയാഞ്ഞത് മോശം പിച്ചായതുകൊണ്ടാണെന്ന് പാക് പരിശീലകന്‍ ഇന്‍‌തികാബ് ആലം കുറ്റപ്പെടുത്തി. തീര്‍ത്തും നിരാശപ്പെടുത്തുന്ന പിച്ചായിരുന്നു കറാച്ചിയിലേതെന്ന് ആലം പറഞ്ഞു. ഫാസ്റ്റ് ബൌളര്‍മാരെ തുണയ്ക്കുന്ന പിച്ചൊരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.

ആദ്യ ഇന്നിംഗ്സില്‍ വമ്പന്‍സ്കോര്‍ പടുത്തുയര്‍ത്തിയ ലങ്കയ്ക്കെതിരെ പാക് ബൌളര്‍മാ‍ര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. 92 റണ്‍സ് നല്‍കിയാണ് ഉമര്‍ ഗുല്‍ ഒരു വിക്കറ്റെടുത്തത്. ടെസ്റ്റിലെ മികച്ച ബൌളര്‍മാരില്‍ ഒരാളായ സൊഹൈല്‍ ഖാന്‍ 21 ഓവറില്‍ 131 റണ്‍സ് വിട്ടുകൊടുത്തു. വിക്കറ്റൊന്നും വീഴ്ത്താനും സൊഹൈലിനായില്ല. ഡാനിഷ് കനേരിയ മൂന്ന് വിക്കറ്റുകള്‍ നേടിയെങ്കിലും 170 റണ്‍സ് വിട്ടുകൊടുത്തു.

പാക് ബൌളിംഗിന് താളം പിഴച്ചതോടെ സന്ദര്‍ശകര്‍ പിടിമുറുക്കുകയായിരുന്നു. നാ‍ലാം വിക്കറ്റ് കൂട്ടുകെട്ടായി 108.3 ഓവറുകള്‍ ക്രീസില്‍ നിന്ന ജയവര്‍ധന -------------------------------സമരവീര സഖ്യത്തെ പിരിക്കുന്നതില്‍ പാക് ബൌളര്‍മാര്‍ പരാജയം സമ്മതിക്കുകയായിരുന്നു. --

പന്ത് ബൌണ്‍സ് ചെയ്യുന്ന പിച്ചാണ് ആവശ്യമെന്ന് ആലം ചൂണ്ടിക്കാട്ടി. മോശം പിച്ചൊരുക്കിയ ഗ്രൌണ്ട്സ്മാന്‍ ആഗ സഹിദിനെ ആലം കുറ്റപ്പെടുത്തുകയും ചെയ്തു. എന്നാല്‍ സഹീദിനെ നീക്കണമെന്ന് ആവശ്യപ്പെടില്ല. ക്യൂറേറ്റര്‍ക്കാണ് പിച്ചിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം. ഏത് തരത്തിലുള്ള പിച്ചൊരുക്കണമെന്ന് ക്യൂറേറ്ററോട് വിശദീകരിച്ചതാണെന്നും ആലം വ്യക്തമാക്കി.

പാകിസ്ഥാന്‍റെ ആദ്യ ദിനത്തിലെ ബൌളിംഗില്‍ താന്‍ അസംതൃപ്തനാണെന്നും ആലം പറഞ്ഞു. ഫുള്‍ ലെംഗ്തിലോ ഷോര്‍ട്ട് ലെംഗ്തിലോ മാത്രമാണ് ബൌളര്‍മാര്‍ പന്തെറിഞ്ഞതെന്ന് ആലം ചൂണ്ടിക്കാട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :