തരൂരിന് ഗൂഢലക്‍ഷ്യം: ലളിത് മോഡി

മുംബൈ| WEBDUNIA| Last Modified വെള്ളി, 16 ഏപ്രില്‍ 2010 (15:50 IST)
PRO
കൊച്ചി ഐപി‌എല്‍ ടീമിനായുള്ള ലേലത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂരിന് ഗൂഢലക്‍ഷ്യങ്ങളുണ്ടെന്ന് ഐപി‌എല്‍ ചെയര്‍മാന്‍ ലളിത് മോഡി ആരോപിച്ചു. ഐപി‌എല്ലിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാനാ‍ണ് തരൂരും കൂട്ടരും ശ്രമിക്കുന്നതെന്നും ഇത് വിലപ്പോകില്ലെന്നും മോഡി പറഞ്ഞു.

ടൈംസ് നൌ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോഡി. മികച്ച രീതിയിലാണ് ഇക്കുറിയും ഐപി‌എല്‍ നടക്കുന്നതെന്നും ഇതേ രീതി ഭാവിയിലും തുടരുമെന്നും മോഡി കൂട്ടിച്ചേര്‍ത്തു. ടൂര്‍ണ്ണമെന്‍റിന്‍റെ പ്രഭാവം കെടുത്തിക്കളയാന്‍ തരൂരിനെ ഒരിക്കലും അനുവദിക്കില്ലെന്നും തരൂരിന്‍റെ അജണ്ട നടപ്പാകില്ലെന്നും മോഡി പറഞ്ഞു.

കൊച്ചി ടീമിനെ അബുദാബിയിലേക്ക് മാറ്റാന്‍ തരൂര്‍ ശ്രമിച്ചതായും താന്‍ ഇത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ടീമിനെ അബുദബിയിലേക്ക് മാറ്റാന്‍ തരൂരും കൂട്ടരും ഏതുവഴിക്കാണ് സഞ്ചരിക്കുന്നതെന്ന് തനിക്കറിയില്ലെന്നും ഇന്ത്യയില്‍ കളിക്കുകയാണ് ഐപി‌എല്ലിന്‍റെ ഉദ്ദേശ്യമെന്നും മോഡി പറഞ്ഞു.

റൊങ്ദേവൂവിന്‍റെ ഓഹരിവിവരങ്ങള്‍ മറച്ചുവെക്കാനാണ് ഇവര്‍ ഈ വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും മോഡി തുറന്നടിച്ചു. അടുത്ത ഭരണസമിതിയോഗത്തില്‍ താന്‍ ഇക്കാര്യം ഉന്നയിക്കുമെന്നും മോഡി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :