ചിന്നസ്വാമി ഇന്ത്യക്കും ഇംഗ്ലണ്ടിനും ടൈ കെട്ടി

ബാംഗ്ലൂര്‍| WEBDUNIA|
PTI
ക്രിക്കറ്റ് ദൈവത്തിന് വേറെ പോംവഴിയുണ്ടായിരുന്നില്ല. ഇന്ത്യക്കൊപ്പം ചേര്‍ന്നാല്‍ സ്ട്രോസും കൂട്ടരും നടത്തിയ പോരാട്ടത്തിന് എന്തര്‍ഥം?. ഇംഗ്ലണ്ടിനെ തുണച്ചാല്‍ ഓമനയായ സച്ചിനെ പിണക്കുന്നതിനു തുല്യമാകില്ലേ? അപ്പോള്‍ എന്തുചെയ്യും. ഒരേഒരു വഴി. ക്രിക്കറ്റിന്റെ സൌന്ദര്യം ആവോളം വാരി വിതറി കാണികളെ ആവേശത്തിലാഴ്ത്തി ഇരുകൂട്ടര്‍ക്കും കൈകൊടുക്കുക. ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന ഇന്ത്യാ-ഇംഗ്ലണ്ട് മത്സരം സമനിലയാക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറില്‍ 338 റണ്‍സ് എടുത്തുപുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് മുന്നൂറ് പന്തുകളും നേരിടാനായെങ്കിലും 338 റണ്‍സിനപ്പുറം കടക്കാനായില്ല. ഫലം മത്സരം സമനില. 145 പന്തുകളില്‍ നിന്ന് 158 റണ്‍സെടുത്ത ഇംഗ്ലണ്ട് നായകന്‍ സ്ട്രോസ് ആണ് മാന്‍ ഓഫ് ദ മാച്ച്.

കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് കരുത്തായത് നായകന്‍ സ്ട്രോസിന്റെ സെഞ്ച്വറി പ്രകടനമാണ്. സ്കോര്‍ 68ല്‍ നില്‍ക്കുമ്പോള്‍ ഓപ്പണര്‍ പീറ്റേഴ്സണിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. 31 റണ്‍സ് എടുത്തിരുന്ന പീറ്റേഴ്സണെ മുനാഫ് പട്ടേല്‍ സ്വന്തം പന്തില്‍ പിടിച്ചുപുറത്താക്കുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയത് ട്രോട്ട് ആണ്. ട്രോട്ടിന്റെ കൂട്ടുപിടിച്ച് സ്ട്രോസ് അതിവേഗം സ്കോര്‍ ഉയര്‍ത്തി. 13.5 ഓവറില്‍ ഹര്‍ഭജനെ സിംഗിളിന് തട്ടിയിട്ട് സ്ട്രോസ് അര്‍ദ്ധ ശതകം കുറിച്ചു. 50 പന്തുകളില്‍ നിന്ന് ആറ് ബൌണ്ടറികള്‍ ഉള്‍പ്പടെയാണ് ഈ നേട്ടം. പതിനാറാം ഓവറിലെ നാലാം പന്തുവരെ ട്രോട്ട്- സ്ട്രോസ് കൂട്ടുകെട്ട് നീണ്ടു. 16 റണ്‍സ് എടുത്ത ട്രോട്ടിനെ പിയൂഷ് ചൌള വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു.

മൂന്നാം വിക്കറ്റില്‍ ഇയാന്‍ ബെല്ലുമായി ചേര്‍ന്ന് സ്ട്രോസ് പടുത്തുയര്‍ത്തിയ ഇന്നിംഗ്സാണ് ഇംഗ്ലണ്ട് ഇന്നിംഗ്സിന്റെ ആണിക്കല്ല്. 170 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ പടുത്തുയര്‍ത്തിയത്. ഈ കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യയെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടുവന്നത് സഹീര്‍ ഖാന്‍ ആണ്. മൊത്തം സ്കോര്‍ 281ല്‍ നില്‍ക്കെ നാല്‍പ്പത്തിരണ്ടാം ഓവറിലെ നാലാം പന്തില്‍ ബെല്ലിനെ സഹീര്‍ മടക്കി അയച്ചു. 71 പന്തുകളില്‍ നിന്നായി 69 റണ്‍സ് എടുത്തിരുന്ന ബെല്ലിനെ സഹീര്‍ കോഹ്‌ലിയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ സഹീര്‍ വീണ്ടും ഇംഗ്ലണ്ടിന് കനത്ത പ്രഹരം ഏല്‍പ്പിച്ചു. 145 പന്തുകളില്‍ നിന്ന് നാല് ബൌണ്ടറികളും ഒരു സിക്സറും ഉള്‍പ്പടെ 158 റണ്‍സ് എടുത്ത സ്ട്രോസിനെയാണ് സഹീര്‍ ഇത്തവണ പറഞ്ഞയച്ചത്.

എന്നാല്‍ ഇംഗ്ലണ്ട് പോരാടാന്‍ ഉറച്ചുതന്നെയായിരുന്നു മുന്നോട്ട് നീങ്ങിയത്. ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടെങ്കിലും സ്കോറിംഗിന് വേഗം കുറച്ചില്ല. നാല്‍പ്പത്തിയെട്ടാം ഓവര്‍ ആരംഭിക്കുമ്പോള്‍ ഇംഗ്ലണ്ട് ഏഴിന് 310 റണ്‍സ് എന്ന നിലയിലായിരുന്നു. ജയിക്കാന്‍ 12 പന്തുകളില്‍ നിന്ന് 29 റണ്‍സ് വേണം. ക്രീസില്‍ സ്വാനും ബ്രെസ്നനും. ഈ ഓവറില്‍ രണ്ടാമത്ത് പന്ത് സിക്സര്‍ തൂക്കി സ്വാന്‍ വിജയത്തിലേക്കുള്ള ദൂരം കുറച്ചു. അഞ്ചാം പന്തില്‍ ബ്രെസ്നന്റെ ഊഴമായിരുന്നു. വീണ്ടും ഒരു സിക്സര്‍. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ബ്രെസ്നനെ വീഴ്ത്തി പിയൂഷ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കി.

അവസാന ഓവറില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 14 റണ്‍സ്. ധോണി പന്തേല്‍പ്പിച്ചത് മുനാഫ് പട്ടേലിനെ. ആദ്യ പന്തില്‍ സ്വാന്‍ രണ്ട് റണ്‍സ് കണ്ടെത്തി. രണ്ടാം പന്തില്‍ സിംഗിള്‍. മൂന്നാം പന്തില്‍ മുനാഫ് പട്ടേലിനെ നിലംതൊടാതെ പറത്തി. അടുത്ത പന്തില്‍ ഒരു റണ്‍ ബൈ കിട്ടി. ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് രണ്ട് പന്തുകളില്‍ നിന്നായി നാല് റണ്‍സ്. അഞ്ചാം പന്തില്‍ സ്വാന്‍ രണ്ട് റണ്‍സ് നേടി. അവസാന പന്തില്‍ പക്ഷേ, സ്വാനെ രണ്ടാമത് ഓടാന്‍ പട്ടേല്‍ അനുവദിച്ചില്ല. ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ടൈ കൂടി പിറന്നു.

ഇന്ത്യക്ക് വേണ്ടി സഹീര്‍ ഖാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മുനാഫും പിയൂഷ് ചൌളയും രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ഹര്‍ഭജന് ഒരു വിക്കറ്റേ എടുക്കാനായുള്ളൂ.

ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സെഞ്ച്വറി(120) പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് മികച്ച സ്കോറിലെത്തിയത്.
അഞ്ചു സിക്സറുകളുടെയും ബൌണ്ടറികളും ഉള്‍പ്പടെ 115 പന്തുകളില്‍ നിന്നാണ് സച്ചിന്‍ 120 റണ്‍സ് എടുത്തത്. 98 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ബ്രെസ്നനെ അതിര്‍ത്തി കടത്തിയാണ് സച്ചിന്‍ ശതകം കുറിച്ചത്. സച്ചിന്റെ, ലോകകപ്പിലെ അഞ്ചാം സെഞ്ച്വറിയാണ് ഇത്. ഏകദിന കരിയറില്‍ നാല്‍പ്പത്തിയേഴാമത്തെയും. ഈ സെഞ്ച്വറിയോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ശതകം നേടുന്ന താരമെന്ന ബഹുമതിക്കും സച്ചിന്‍ അര്‍ഹനായി.

പതിഞ്ഞ താളത്തിലാണ് സച്ചിന്‍ തുടങ്ങിയത്. സെവാഗ് ഇംഗ്ലണ്ട് ബൌളര്‍മാര്‍ക്ക് മേല്‍ താണ്ഡവമാടിയപ്പോള്‍ സച്ചിന്‍ കാഴ്ചക്കാരനായി നോക്കിനില്‍ക്കുകയായിരുന്നു. ഏഴാമത്തെ ഓവറില്‍ അഞ്ചാമത്തെ പന്തില്‍ സെവാഗ് പുറത്തായപ്പോള്‍ ക്രീസിലെത്തിയ ഗംഭീറും വന്‍ അടികള്‍ക്ക് മുതിര്‍ന്നപ്പോള്‍ പ്രതിരോധത്തിലൂന്നിയാണ് സച്ചിന്‍ കളിച്ചത്. ബ്രെസ്നന്റെ ഒരു ഓവര്‍ മെയ്ഡണ്‍ ആക്കുകയും ചെയ്തു. എന്നാല്‍ സിംഗിളുകള്‍ എടുത്ത് സ്കോര്‍ ഉയര്‍ത്താനാണ് സച്ചിന്‍ ശ്രമിച്ചത്. എന്നാല്‍ പതിനേഴാമാത്ത് ഓവറില്‍ കോളിംഗ്‌വുഡിനെ സിക്സര്‍ പറത്തി സച്ചിന്‍ താന്‍ മികച്ച ഫോമില്‍ തന്നെയെന്ന് തെളിയിച്ചു. ഇരുപത്തിയൊന്നാം ഓവറില്‍ 45 റണ്‍സില്‍ നില്‍ക്കെ കോളിംഗ്‌വുഡിനെ തന്നെ വീണ്ടും സിക്സറിന് തൂക്കിയാണ് സച്ചിന്‍ അര്‍ദ്ധ ശതകം പിന്നിട്ടത്. ആദ്യ അര്‍ദ്ധ ശതകം 67 പന്തുകളില്‍ നിന്ന് കണ്ടെത്തിയ സച്ചിന്‍ 36 പന്തുകളില്‍ നിന്നാണ് രണ്ടാം അര്‍ദ്ധ സെഞ്ച്വറി പിന്നിട്ടത്.

സച്ചിനും പുറമെ ഗംഭീറിന്റെയും സെവാഗിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ഇരുപത്തിയെട്ടാമത്തെ ഓവറില്‍ ആന്‍ഡേഴ്സ്നെ അതിര്‍ത്തികടത്തി അര്‍ദ്ധ ശതകം കുറിച്ച ഗംഭീര്‍ തൊട്ടടുത്ത ഓവറില്‍ സ്വാന്റെ പന്തില്‍ ബള്‍ഡാകുകയായിരുന്നു. 61 പന്തുകളില്‍ നിന്നായി അഞ്ച് ബൌണ്ടറികള്‍ ഉള്‍പ്പടെയാണ് ഗംഭീര്‍ 51 റണ്‍സ് എടുത്തത്. 35 റണ്‍സാണ് സെവാഗിന്റെ സമ്പാദ്യം.

സച്ചിന്‍ പുറത്തായതിനു ശേഷം ചേര്‍ന്ന യുവരാജും നായകന്‍ ധോണിയും ഇന്ത്യയുടെ സ്കോറിംഗ് വേഗം കുറയാതെ ശ്രദ്ധിച്ചു. സ്കോര്‍ 350നു മുകളില്‍ എത്തുമെന്ന് കരുതിയെങ്കിലും അപ്രതീക്ഷിതമായി യുവരാജും ധോണിയും അടുത്തടുത്ത പന്തുകളില്‍ പുറത്തായതാണ് വിനയായത്. യാര്‍ഡി എറിഞ്ഞ നാല്‍പ്പത്തിയഞ്ചാം ഓവറിലെ അവസാനപന്തില്‍ യുവരാജ് ബൌള്‍ഡ് ആകുകയായിരുന്നു. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ധോണിയും പുറത്തായി. ബ്രസ്നനാണ് ധോണിയുടെ വിക്കറ്റ് സ്വന്തമാക്കിയത്. 50 പന്തുകളില്‍ നിന്നായി ഒമ്പത് ബൌണ്ടറികള്‍ ഉള്‍പ്പടെ 58 റണ്‍സാണ് യുവാരാജിന്റെ സമ്പാദ്യം. 25 പന്തുകളില്‍ നിന്നായി ഒരു സിക്സറും മൂന്നു ബൌണ്ടറികളും ഉള്‍പ്പടെ ധോണി 31 റണ്‍സ് എടുത്തു.

അവസാന ഓവറുകളില്‍ നിരുത്തരവാദപരമായാണ് ഇന്ത്യന്‍ വാലറ്റം ബാറ്റ് വീശിയത്. അവസാന അഞ്ച് ഓവറില്‍ 48 റണ്‍സ് എടുക്കുന്നതിനിടയില്‍ ഏഴു വിക്കറ്റുകളാണ് ഇന്ത്യ കളഞ്ഞുകുളിച്ചത്. സെവാഗിനെ പുറത്താക്കിയ ബ്രെസ്നനാണ് അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ നാശം വിതച്ചത്. 10 ഓവറില്‍ 48 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകളാണ് ബ്രെസ്നന്‍ സ്വന്തമാക്കിയത്. പത്താന്‍(14), കോഹ്‌ലി(8) , ഹര്‍ഭജന്‍( 4), ചൌളര്‍( 2), എന്നിങ്ങനെയാണ് വാലറ്റക്കാരുടെ സംഭാവന. മുനാഫ് പട്ടേല്‍(0) പുറത്താകാതെ നിന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :