അടുത്ത കൊല്ലത്തെ ചാമ്പ്യന്‍സ് ട്രോഫി മത്സരവേദി ദുബായിലേക്ക് മാറ്റാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍ ശ്രമിക്കുന്നതായി ശ്രീലങ്കന്‍ കായിക മന്ത്രി ഗമിനി ലൊകുഗേ ആരോപിച്ചു. രണ്ടാം പരിഗണനയാണ് ശ്രീലങ്കയ്ക്ക് ഐസിസി കല്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കറാച്ചിയില്‍ ശ്രീലങ്ക - പാകിസ്ഥാന് ക്രിക്കറ്റ് മത്സരം കാണാനെത്തിയ ലൊകുഗേ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
മത്സരങ്ങള്‍ നടത്താന്‍ ശ്രീലങ്ക സുരക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. എല്‍ടിടിഇയുമായി നടക്കുന്ന ഏറ്റുമുട്ടല്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സുരക്ഷാ പ്രശ്നങ്ങള്‍ എല്ലായിടത്തും ഒരു പോലെയാണെന്നായിരുന്നു ലൊകുഗേയുടെ മറുപടി. എല്ലായിടത്തും പ്രശ്നങ്ങളുണ്ട്. ക്രിക്കറ്റിന് പാകിസ്ഥാന് സുരക്ഷിതമാണ് - അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനില്‍ നടത്താനിരുന്ന ചാമ്പ്യന്‍സ് ട്രോഫി സുരക്ഷാകാരണങ്ങളാലാണ് മാറ്റാന്‍ തീരുമാനിച്ചത്. ഏപ്രിലില്‍ ദുബായില്‍ നടക്കുന്ന യോഗത്തിലാകും ഐസിസി വേദി തീരുമാനിക്കുക.
ശ്രീലങ്കന്‍ ക്രിക്കറ്റ് കൌണ്‍സിലിന്റെ കാര്യങ്ങളില്‍ ബിസിസിഐ ഇടപെടുന്നതായ ആരോപണവും ലൊകുഗെ തള്ളിക്കളഞ്ഞു. ബിസിസിഐയുമായി നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. അര്‍ജുന രണതുംഗെയെ പുറത്താക്കിയതിന് പിന്നില്‍ ഇന്ത്യ ആണെന്ന ആരോപണവും ലോകുഗേ നിഷേധിച്ചു.