ഗൌതം ഗംഭീര്‍ സച്ചിന് തെണ്ടുല്‍ക്കറുമായും വി വി എസ് ലക്ഷ്മണുമായി ചേര്‍ന്ന് നടത്തിയ ബാറ്റിങ്ങ് പ്രകടനത്തിന്റെ മികവില്‍ ഓസ്ട്രേലിയക്ക് എതിരായ ഡല്‍ഹി ടെസ്റ്റിന്റെ ഒന്നാം ദിവസം ഇന്ത്യന്‍ ഭേദപ്പെട്ട നിലയിലെത്തി. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.
ഗൌതം ഗംഭീറും(149) വി വി എസ് ലക്ഷ്മണുമാണ്(54) ഒന്നാം ദിവസം കളി നടക്കുമ്പോള്‍ ക്രീസില്‍. ഗംഭീര്‍ നേടിയ സെഞ്ച്വറിയും സച്ചിന്റെയും ലക്ഷമണ്ന്റെയും അര്‍ദ്ധ സെഞ്ച്വറിയുമാണ് ഇന്ത്യന്‍ ഇന്നിങ്ങ്സിന് സ്ഥിരത നല്‍കിയത്.
നേരത്തേ ടോസ് നേടിയ ഇന്ത്യന്‍ നായകന് അനില്‍ കുംബ്ലെ ബാറ്റിങ്ങ് തെരഞ്ഞെടുത്തെങ്കിലും വിരേന്ദ്ര സെവാഗിനെ പുറത്താക്കി ബ്രെറ്റ് ലീ തുടക്കത്തില്‍ തന്നെ ഇന്ത്യയെ ഞെട്ടിച്ചു. ഒരു റണ്‍ മാത്രമെടുത്ത സെവാഗ് ലീയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.
തുടര്‍ന്ന് ക്രീസിലെത്തിയ രാഹുല്‍ ദ്രാവിഡിനും ഏറെ നേരം പിടിച്ചു നില്ക്കാനായില്ല. പതിനൊന്ന് റണ്‍സെടുത്ത ദ്രാവിഡ് മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ മാത്യൂ ഹെയ്ഡന് പിടിച്ച് പുറത്താകുകയായിരുന്നു. ഇന്ത്യ 27/2 എന്ന നിലയില്‍ പതറുമ്പോഴാണ് ഗംഭീറും സച്ചിനും ക്രീസിലൊന്നിച്ചത്. ഓസ്ട്രേലിയന്‍ ബൌളിങ്ങിനെ കടന്നാക്രമിച്ച ഇരുവരും മൂന്നാം വിക്കറ്റില്‍ 130 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ കീപ്പര്‍ ബ്രാഡ് ഹാഡിന് പിടിച്ചാണ് സച്ചിന് (68) പുറത്തായത്.
ഇതിന് ശേഷം ക്രീസിലെത്തിയ വി വി എസ് ലക്ഷമണും ഗംഭീറിന് മികച്ച പിന്തുണ നല്കി. ഉത്തരവാദിത്തത്തോടെ ബാറ്റ് വീശുമ്പോഴും ആക്രമണ ക്രിക്കറ്റ് പുറത്തെടുത്ത ഗംഭീര്‍ 190 പന്തിലാണ് നൂറ് തികച്ചത്. ഓസീസിനായി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചല്‍ ജോണസനാണ് ഭേദപ്പെട്ട ബഊളിങ്ങ് കാഴ്ച വെച്ചത്.