സ്പിന്‍ തന്ത്രങ്ങളില്‍ കങ്കാരുക്കളെ തുടക്കത്തില്‍ തളക്കാനായെങ്കിലും ബാറ്റിംഗില്‍ സിംബാബ്‌വെയ്ക്ക് മികവ് കാട്ടാനായില്ല. ഓസീസ് പേസര്‍മാര്‍ക്ക് മുന്നില്‍ നിശ്ചിത ഓവര്‍ പൂര്‍ത്തിയാകും മുന്നേ സിംബാബ്‌വെ കീഴടങ്ങി. ഓസീസ് ഉയര്‍ത്തിയ 263 റണ്‍സിന്റെ വിജയ ലക്‍ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ 46.2 ഓവറില്‍ 171 റണ്‍സിന് പുറത്തായി. ലോകകപ്പ് ക്രിക്കറ്റില്‍ സിംബ്‌ബാവെയെക്കെതിരെ ഓസീസ് 91 റണ്‍സിന് വിജയിച്ചു. 79 റണ്‍സുമായി ഓസീസ് ബാറ്റിംഗിന്റെ നെടുംതൂണായ ഷെയ്ന്‍ വാട്സനാണ് മാന്‍ ഓഫ് ദ മാച്ച്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസ് 6 വിക്കറ്റ് നഷ്ടത്തിലാണ് 262 റണ്‍സ് എടുത്തത്. സിംബാബ്‌വെയുടെ അച്ചടക്കമാര്‍ന്ന സ്പിന്‍ ബൌളിംഗിനു മുന്നില്‍ ഓസീസിന് കരുത്തുകാട്ടാനായില്ല. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ഷെയ്ന്‍ വാട്സന്‍ (79), മൈക്കല്‍ ക്ളാര്‍ക്ക് (58*) എന്നിവരാണ് ഓസീസിനെ മോശമല്ലാത്ത സ്കോറിലെത്തിച്ചത്.
ആദ്യ പത്ത് ഓവറില്‍ വെറും 28 റണ്‍സ് മാത്രമാണ് ഓസീസിന് എടുക്കാനായത്. 39 ഓവറുകള്‍ സ്പിന്നര്മാരെകൊണ്ട് എറിയിച്ച സിംബാബ്‌വെയുടെ മുന്നില്‍ ഓസീസ് ബാറ്റിംഗ് ആദ്യം പരുങ്ങലിലായിരുന്നു. പേസ് ബൌളറായ എംപോഫുവിനൊപ്പം ബൗളിങ് ഓപ്പണ്‍ ചെയ്തത് സ്പിന്നറായ റേ പ്രൈസാണ്.
പതിനെട്ടാം ഓവറില്‍ മൊത്തം സ്കോര്‍ 66-ല്‍ നില്‍ക്കെ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. 66 പന്തുകളില്‍ നിന്ന് 29 റണ്‍സ് എടുത്ത ബ്രാഡ് ഹാഡിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പ്രോസ്‌പര്‍ ഉത്‌സേയ ഹാഡിനെ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നീട് വന്ന നായകന്‍ റിക്കി പോണ്ടിംഗ് അധികം തകര്‍ച്ചയില്ലാതെ ഓസീസിനെ മുന്നോട്ട് നയിച്ചെങ്കിലും സ്കോറിംഗിന് വേഗം കൂട്ടാനായില്ല. മുപ്പത്തിയൊന്നാം ഓവറില്‍ വാട്സ്നെ ക്രീമര്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. 36 പന്തുകളില്‍ നിന്ന് 28 റണ്‍സ് എടുത്ത പോണ്ടിംഗിനെയും തൊട്ടടുത്ത ഓവറില്‍ ഓസീസിന് നഷ്ടമായി. പോണ്ടിംഗ് റണ്‍ ഔട്ട് ആകുകയായിരുന്നു.
പതിനൊന്ന് റണ്‍സെടുത്ത സ്മിത്താണ് പുറത്തായ മറ്റൊരു ബാറ്റ്സ്മാന്‍. 58 റണ്‍സുമായി ക്ലര്‍ക്കും 11 റണ്‍സുമായി ജോണ്‍സനും പുറത്താകാതെ നിന്നു.
സിംബാബ്‌വെയ്ക്ക് വേണ്ടി ക്രിസ് മോഫു രണ്ട് വിക്കറ്റ് വീഴ്ത്തി. ഉത്‌സേയും പ്രൈസും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെയ്ക്ക് ഓസീസ് പേസ് ആക്രമണത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. 9.2 ഓവറില്‍ 19 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തിയ മിച്ചല്‍ ജോണ്‍സണാണ് സിംബാബ്‌വെയെ തകര്‍ത്തത്. 37 റണ്‍സ് നേടിയ ഗ്രേയിം ക്രെമര്‍ മാത്രമാണ് സിംബാബ്‌വേ നിരയില്‍ കുറച്ചെങ്കിലും പിടിച്ചു നിന്നത്.
ഓസീസിന് വേണ്ടി ഷോണ്‍ ടെയ്‌റ്റും ജേസണ്‍ ക്രെസ്‌ജയും രണ്ടു വിക്കറ്റ് വീതം നേടി. ബ്രെറ്റ് ലീ, ഡേവിഡ് ഹസി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.