ഐപിഎല്‍ കളിക്കാര്‍ക്കുള്ള ലേലത്തില്‍ ഒരു ടീമും സ്വന്തമാക്കാതിരുന്ന മുന്‍ഇന്ത്യന്‍ ക്യാപ്റ്റന്‍ സൌരവ് ഗാംഗുലിക്ക് വേണ്ടി കൊച്ചി ടീം രംഗത്ത്. ഗാംഗുലിയെ ടീമിലെടുക്കാന്‍ അനുവദിക്കണമെന്ന് കൊച്ചി ഐ പി എല്‍ ടീം ബിസിസിഐയോട് ആവശ്യപ്പെട്ടു.
ലേലത്തില്‍ വി വി എസ് ലക്ഷ്മണിനെയൊഴികെ മുന്‍നിര ഇന്ത്യന്താരങ്ങളെയൊന്നും സ്വന്തമാക്കാന്‍ കൊച്ചിക്ക് കഴിഞ്ഞിരുന്നില്ല. രാജ്യാന്തരതാരങ്ങളുടെ കുറവ് പരിഹരിക്കാനാണ് ബംഗാള്‍ കടുവയ്ക്ക് വേണ്ടി ഐപിഎല്ലിലെ അരങ്ങേറ്റക്കാരായ കൊച്ചി രംഗത്തെത്തുന്നത്. ഗാംഗുലിയെ ടീമിലെടുക്കുന്നതിനായി കൊച്ചി ടീം ഉടമകള്‍ ഐപിഎല്‍ ഗവേര്‍ണിംഗ് കൌണ്‍സിലിന്റെയും അനുവാദം തേടിയിട്ടുണ്ട്.
ഐ പി എല്‍ നിയമപ്രകാരം അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയ്ക്കുവേണ്ടി കളിച്ച താരങ്ങള്‍ക്ക് ലേലത്തിലൂടെ മാത്രമെ ടീമിലെത്താന്‍ കഴിയൂ. അതിനാല്‍, ലേലത്തില്‍ തഴയപ്പെട്ട താരമായതുകൊണ്ട് ഗാംഗുലിയുമായി കരാറാകുന്നതിന് മറ്റ് ഒമ്പത് ഐപിഎല്‍ ടീമുകളുടെ അംഗീകാരം കൂടി കൊച്ചിക്ക് ആവശ്യമാണ്. മറ്റ് ടീമുകള്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ ഗാംഗുലിയെ ടീമിലെടുക്കുന്നതില്‍ കൊച്ചിക്ക് മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടാകില്ലെന്ന് ബിസിസി ഗവേര്‍ണിംഗ് കൌണ്‍സില്‍ അംഗം സൂചിപ്പിച്ചു.
കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ ഗാംഗുലിക്കൊപ്പം കളിച്ച താരങ്ങളായ ബ്രണ്ടന്‍ മക്കല്ലം, ഒവെയ്സ് ഷാ, ബ്രാഡ് ഹോഡ്ജ് എന്നിവരും നാലാം സീസണില്‍ കൊച്ചി ടീമിലാണുള്ളത്.