ഇന്ത്യന്‍ ക്രിക്കറ്റ് ലിഗിന്റെ പേരില്‍ പാകിസ്ഥാന് ഒഴിവാക്കിയ താരങ്ങള്‍ ദേശീയ ടീമില്‍ തിരികെയെത്തിയേക്കും. ഐസിഎല്‍ താരങ്ങളുടെ ഭാവി ദേശീയ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് തീരുമാനിക്കാമെന്ന ഐസിസിയുടെ നിര്‍ദ്ദേശമാണ് പുനരാലോചനയ്ക്ക് വഴിയൊരുക്കുന്നത്.
ഇക്കാര്യത്തില്‍ അടുത്ത നടപടി സ്വീകരിക്കാനായി പിസിബി നിയമോപദേശകനെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. എന്നാല്‍ ഐസിഎല്ലുമായുള്ള കരാര്‍ അവസാനിപ്പിച്ചെങ്കിലേ ദേശീയ ടീമില്‍ അവസരം നല്‍കൂവെന്ന നിലപാടാണ് പിസിബി ഇപ്പോഴും സ്വീകരിക്കുന്നത്.
ഐസിഎല്ലിന്റെ പേരില്‍ പാകിസ്ഥാന് ഒഴിവാക്കിയ മൊഹമ്മദ് യൂസഫ്, ഇമ്രാന് നസീര്‍, അബ്ദുല്‍ റസാഖ്, റാണ നവേദ്, തുടങ്ങിയ താരങ്ങള്‍ ദേശിയ ടീമിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവില്‍ അന്താരാഷ്ട മത്സരങ്ങളില്‍ കാര്യമായി ശോഭിക്കാത്ത ദേശീയ ടീമിന് ഐസിഎല്‍ താരങ്ങളുടെ വരവ് കൂടുതല്‍ കരുത്തേകുമെന്ന നിഗമനത്തിലാണ് പിസിബി.
വിമതലീഗായ ഐസിഎല്ലിന് അംഗീകാരം നല്‍കില്ലെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന ഐസിസി എക്സിക്യൂട്ടീവ് യോഗം വ്യക്തമാക്കിയിരുന്നു.