ഐസിസിയുടെ സ്വപ്ന ടീം തമാശ: സ്റ്റുവര്‍ട്ട്

ലണ്ടന്‍| WEBDUNIA|
അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സിലിന്റെ (ഐ സി സി) സ്വപ്ന ടീം ഒരു തമാശ പോലെയാണെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ അലെക് സ്റ്റുവര്‍ട്ട്. മികച്ച താരങ്ങളായ ഗാരി സോബേര്‍സ്, മാല്‍ക്കം മാര്‍ഷല്‍ തുടങ്ങിയവരെയൊന്നും ഉള്‍പ്പെടുത്താത്ത ടീമില്‍ കാര്യമില്ലെന്നാണ് സ്റ്റുവര്‍ട്ട് പറയുന്നത്.

എന്ത് തമാശയാണ് ഇത്. വിവിയന്‍ റിച്ചാര്‍ഡ്സ്, ഗാരി സോബേര്‍സ്, മാല്‍ക്കം മാര്‍ഷല്‍ തുടങ്ങിയവരൊന്നും ടീമില്‍ ഇല്ല. മികച്ച താരങ്ങളെ തെരഞ്ഞെടുക്കുന്നത് എളുപ്പമല്ല. തെരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത് പ്രധാനമായും ആധുനിക കളിക്കാരെ മാത്രം ആശ്രയിച്ചാണ്. ഇപ്പോഴത്തെ ആരാധകര്‍ അവരെ പിന്തുണയ്ക്കുന്നു. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ടീമില്‍ ഇടം ലഭിക്കേണ്ടിയിരുന്ന നിരവധി താരങ്ങള്‍ വേറെയുണ്ട്-സ്റ്റുവര്‍ട്ട് പറഞ്ഞു.

ലോര്‍ഡ്‌സില്‍ ജൂലായ് 21ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ആരംഭിക്കുന്ന ചരിത്രത്തിലെ രണ്ടായിരാമത്തെ ടെസ്റ്റ് മത്സരത്തോടനുബന്ധിച്ചാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ എക്കാലത്തെയും മികച്ച ടീമിനെ തെരഞ്ഞെടുത്തത്. ഇന്ത്യയില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നും നാല് വീതം താരങ്ങളും വെസ്റ്റിന്‍ഡീസില്‍ നിന്ന് രണ്ട് താരങ്ങളും പാകിസ്ഥാനില്‍ നിന്ന് ഒരു താരവുമാണ് ടീമില്‍ ഇടം‌പിടിച്ചത്. ഐ സി സി യുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് അന്തിമ ഇലവനെ തീരുമാനിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :