കൊച്ചിന്‍ ടസ്കേഴ്സിന് വിജയം ഒരു ശീലമാവുന്നു! സാക്ഷാല്‍ സച്ചിന്റെ മുംബൈ ഇന്ത്യന്‍സിനെതിരെ നേടിയ ജയത്തിനു ശേഷം നിലവിലെ ഐപിഎല്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിംഗ്സിനെയാണ് കൊച്ചിയുടെ കൊമ്പന്‍മാര്‍ ഏഴ് വിക്കറ്റിന് മുട്ടുകുത്തിച്ചത്.
ഗാലറികളില്‍ കുളിരെത്തിച്ച മഴ, കളിമുടക്കിയാവുമോ എന്ന സംശയം ഉയര്‍ത്തിയെങ്കിലും കളി തുടരുകയും കൊച്ചിന്‍ ടസ്കേഴ്സ് തുടര്‍ച്ചയായ രണ്ടാമത്തെ വമ്പന്‍ വിജയം കുറിക്കുകയുമായിരുന്നു. മഴമൂലം കളി ഒന്നര മണിക്കൂര്‍ നിര്‍ത്തി വച്ചു എങ്കിലും പതിനേഴ് ഓവറായി കളി ചുരുക്കി എങ്കിലും കൊച്ചിയുടെ നെഞ്ചിലെ വിജയദാഹത്തിന്റെ നെരിപ്പോട് എരിഞ്ഞുകൊണ്ടേയിരുന്നു.
മഴമൂലം 17 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് എടുത്തു. എന്നാല്‍, മഴനിയമം അനുസരിച്ച് ടസ്കേഴ്സിന്റെ വിജയ ലക്‍ഷ്യം 135 ആയി നിശ്ചയിക്കുകയായിരുന്നു. പ്രതിരോധിക്കാവുന്ന സ്കോര്‍ ആണ് തങ്ങളുടേതെന്ന ആത്മവിശ്വാസത്തില്‍ ഫീല്‍ഡിലിറങ്ങിയ ധോണിക്കും കുട്ടികള്‍ക്കും ഞെട്ടല്‍ സമ്മാനിച്ചാണ് ടസ്കേഴ്സ് വിജയഭേരി മുഴക്കിയത്.
രണ്ട് ഓവര്‍ ബാക്കിനില്‍ക്കുംപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് കൊച്ചിന്‍ ടസ്കേഴ്സ് വിജയലക്‍ഷ്യം കണ്ടത്. 33 പന്തില്‍ 47 റണ്‍സ് അടിച്ചുകൂട്ടിയ ബ്രണ്ടന്‍ മക്കല്ലമാണ് കളിയിലെ കേമന്‍. മക്കല്ലം മൂന്ന് സിക്സും നാല് ബൌണ്ടറികളും അടങ്ങുന്ന ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവച്ചത്. ക്യാപ്റ്റന്‍ മഹേള ഒരു സിക്സും രണ്ട് ഫോറും അടക്കം 11 പന്തില്‍ നിന്ന് 16 റണ്‍സ് എടുത്തു. പാര്‍ത്ഥിവ് പട്ടേല്‍ 26 പന്തില്‍ നിന്ന് നേടിയ 34 റണ്‍സും നിര്‍ണായകമായി. ബ്രാഡ് ഹോജ് പുറത്താകാതെ 14 പന്തില്‍ നിന്ന് എടുത്ത 19 റണ്‍സും രവീന്ദ്ര ജഡേജ ആറ് പന്തില്‍ നിന്ന് പുറത്താകാതെ നേടിയ 16 റണ്‍സും കൊച്ചിയെ വിജയ തീരത്ത് എത്തിച്ചു.
ചെന്നൈയ്ക്ക് വേണ്ടി സുരേഷ് റെയ്‌ന ( 50), മുരളി വിജയ് (28), സുബ്രമണ്യം ബദരീനാഥ് (19), ക്യാപ്റ്റന്‍ ധോണി ( 14), ആല്‍ബി മോര്‍ക്കല്‍ (9) എന്നിവര്‍ തിളങ്ങിയപ്പോള്‍ മൈക് ഹസിക്ക് എട്ട് റണ്‍സിന്റെ പിന്തുണ നല്‍കാനായി.