ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ഒത്തുകളി വിവാദം. പത്തോളം ദേശീയ താരങ്ങള്‍ ഐ പി എല്‍ ഒത്തുകളിയില്‍ പങ്കാളികളെന്നാണു റിപ്പോര്‍ട്ട്. ഐപിഎല്‍ അഞ്ചാം സീസണില്‍ ഒത്തുകളിനടക്കുന്നതായി ഒരു സ്വകാര്യ ചാനലാണ് ഒളിക്യാമറ വഴി റിപ്പോര്‍ട്ട് ചെയ്തത്.
കിംഗ്സ് ഇലവന് പഞ്ചാബ് അംഗം ശലഭ് ശ്രീവാസ്തവ, ഹൈദരാബാദ് ബൗളര്‍ ടി സിദ്ധാര്‍ഥ എന്നിവരുള്‍പ്പെടെ അഞ്ചു താരങ്ങളാണ് ഒളിക്യാമറ ദൃശ്യങ്ങളില്പ്പെട്ടത്. ഐപിഎല്‍ നിയമാവലികള്‍ ലംഘിച്ചുള്ള വലിയ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നുവെന്ന് ഇവര്‍ വെളിപ്പെടുത്തി. ഒരു നോബോളിനു 10 ലക്ഷം രൂപ വരെ ലഭിക്കാറുണ്ടെന്നും വെളിപ്പെടുത്തുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ ശ്രീവാസ്തവ നിഷേധിച്ചിട്ടുണ്ട്.
സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ബിസിസിഐ മേധാവി എന്‍. ശ്രീനിവാസന് അറിയിച്ചു. വിവാദത്തില്‍ ഉള്‍പ്പെട്ടവര്‍ കുറ്റക്കാരെന്നു തെളിയുന്ന പക്ഷം സസ്പെന്‍ഷനടക്കം കര്‍ശന നടപടിയുണ്ടാകുമെന്നും ബിസിസിഐ അറിയിച്ചു.