ഇക്കൊല്ലം ഐപിഎല്ലില്‍ പങ്കെടുക്കില്ലെന്ന് ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് വ്യക്തമാക്കി. ദേശീയ ടീമില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് പോണ്ടിംഗിന്‍റെ തീരുമാനം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായിട്ടാണ് പോണ്ടിംഗ് ഐപിഎല്ലില്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.
ഈ സഹചര്യത്തില്‍ ദേശീയ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ഉചിതമാകില്ലെന്നും രാജ്യമാണ് തനിക്ക് വലുതെന്നും പോണ്ടിംഗ് ചൂണ്ടിക്കാട്ടി. നൈറ്റ് റൈഡേഴ്സുമായി ഇക്കാര്യം സംസാരിച്ചതായും പോണ്ടിംഗ് പറഞ്ഞു. നിലവില്‍ രണ്ടാഴ്ച മാത്രമാണ് തനിക്ക് നൈറ്റ് റൈഡേഴ്സിന് വേണ്ടി കളിക്കാനാകുക. എന്നാല്‍ ഇത് അവര്‍ക്കോ തനിക്കോ ഗുണം ചെയ്യില്ല.
നൈറ്റ് റൈഡേഴ്സിന് വേണ്ടി കളിക്കാനാകുന്നില്ല എന്നത് തന്നെ സംബന്ധിച്ച് വേദനാജനകമാണെന്നും പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു.
അടുത്ത സീസണില്‍ തിരികെയെത്താമെന്നാണ് കരുതുന്നത്. അന്ന് ഇതില്‍ കൂടുതല്‍ സംഭാവനകള്‍ ടീമിന് വേണ്ടി നല്‍കാന്‍ തനിക്കാകുമെന്നും പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു. ട്വന്‍റി-20 മത്സരങ്ങള്‍ക്ക് മികച്ച ശാരീരികക്ഷമത ആവശ്യമാണെന്നും ഇപ്പോള്‍ താന്‍ വേനല്‍ക്കാലം കഴിഞ്ഞതിന്‍റെ ക്ഷീണത്തിലാണെന്നും പോണ്ടിംഗ് പറഞ്ഞു.
ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ട്വന്‍റി-20 ലോകകപ്പിനായി ശാരീരികക്ഷമത ആര്‍ജിക്കുകയാണ് താനെന്നും റിക്കി കൂട്ടിച്ചേര്‍ത്തു.