തന്നെ കൂവി തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഇംഗ്ലണ്ട് ആരാധകരെ കളിക്കളത്തിലെ പ്രകടനത്തിലൂടെ നേരിടുമെന്ന് ഓസ്ട്രേലിയന്‍ നായകന് റിക്കി പോണ്ടിംഗ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിനിടെ പോണ്ടിംഗ് ക്രീസിലെത്തിയപ്പോഴും ഫീല്‍ഡില്‍ പന്ത് തൊടുമ്പോഴുമെല്ലാം ഇംഗ്ലീഷ് ആരാധകര്‍ കൂവലോടെ പ്രതികരിച്ചതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു പോണ്ടിംഗ്.
ഇംഗ്ലീഷ് ആരാധകര്‍ തന്നെ മാത്രം ലക്ഷ്യമിടുന്നതെന്തിനാണെന്ന് അറിയില്ലെന്നും പോണ്ടിംഗ് പറഞ്ഞു. കഴിഞ്ഞ ആഷസ് പരമ്പരയിലും പോണ്ടിംഗിനെ ഇംഗ്ലീഷ് ആരാധകര്‍ കൂവിത്തോല്പ്പിച്ചിരുന്നു. ഇത്തവണയും ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു മനോഭാവം ഇംഗ്ലീഷ് ആരാധകരില്‍ നിന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്ന് പോണ്ടിംഗ് പറഞ്ഞു.
‘സത്യം പറഞ്ഞാല്‍ കാണികളുമായുള്ള ഇത്തരം ആശയവിനിമയം ഞാന്‍ ആസ്വദിയ്ക്കുന്നു. ഇതിനെക്കുറിച്ച് ആലോചിച്ച് ആശങ്കപ്പെടാന്‍ ഞാനില്ല. ഇതെല്ലാം അന്താരാഷ്ട്ര മത്സരങ്ങളുടെ ഭാഗമായി കാണാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്’. ഈ കൂവലെല്ലാം തന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താനെ ഉപകരിയ്ക്കൂവെന്നും പോണ്ടിംഗ് പറഞ്ഞു.