കൈ വലതോ ഇടതോ എന്നൊന്നും പ്രശ്നമല്ല ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക്. ഏത് കൈ ഉപയോഗിച്ചാലും പന്ത് ബാറ്റില്‍ കൊള്ളേണ്ടയിടത്ത് തന്നെ കൊള്ളും. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനിലാണ് ഇക്കാര്യം സഹതാരങ്ങള്‍ക്ക് മനസ്സിലായത്.
വലങ്കയ്യന്‍ ബാറ്റ്സ്മാനായ സച്ചിന്‍ ബാറ്റിംഗ് ഗ്ലൗസും ഇടാതെയാണ് ബുധനാഴ്ച ഇടംകൈ കൊണ്ട് പരിശീലനം നടത്തിയത്. ലോക്കല്‍ ബൗളര്‍മാരും സഹതാരങ്ങളും സച്ചിനെതിരേ പന്തെറിഞ്ഞിരുന്നു. പക്ഷേ ഒറ്റപ്പന്തും പോലും സച്ചിന്‍ വെറുതെ വിട്ടില്ല. നേരിട്ട എട്ട് പന്തുകളില്‍ ആറും സിക്‌സറടിച്ചാണ് സച്ചിന്‍ ഇടങ്കയ്യന്‍ ബാറ്റിംഗ് ആസ്വദിച്ചത്.
റണ്‍സ് കണ്ടെത്താന്‍ വ്യത്യസ്ത രീതികള്‍ അവലംബിക്കുന്ന സച്ചിന്‍ ഇടംകൈ കൊണ്ട് ബാറ്റ് ചെയ്യുന്നത് ഏറെ കൌതുകമുള്ള കാഴ്ചയായിരുന്നുവെന്നാണ് സഹതാരങ്ങള്‍ അഭിപ്രായപ്പെട്ടത്.
ഞായാറാഴ്‌ച നടക്കാനിരിക്കുന്ന ഗ്രൂപ്പ് ബിയിലെ ലോകകപ്പ് മത്സരത്തില്‍ ഇംഗ്ലണ്ടിനെ നേരിടാനുള്ള പരിശീലനത്തിലാണ് ഇന്ത്യ. സുരേഷ് റെയ്‌ന, വിരാട് കോഹ്‌ലി, യൂസഫ് പഠാന്‍ എന്നിവര്‍ രണ്ടാം ദിവസവും ഗ്രൌണ്ടില്‍ പരിശീലനം നടത്തി. ഈ സമയത്ത് വിരേന്ദര്‍ സെവാഗും ഹര്‍ഭജന്‍ സിംഗും ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ജിംനേഷ്യത്തിലായിരുന്നു.