ലോര്‍ഡ്സ്|
WEBDUNIA|
Last Modified ചൊവ്വ, 1 ജൂണ്‍ 2010 (08:53 IST)
ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് എട്ടു വിക്കറ്റ് ജയം. ആദ്യ ഇന്നിങ്സിലെ കൂറ്റന്‍ സ്കോര്‍ മികവില്‍ ടെസ്റ്റിലെ ശിശുക്കളായ ബംഗ്ലാദേശിനെ എറിഞ്ഞിടുകയായിരുന്നു. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് മുന്നിലെത്തി.
ആദ്യ ഇന്നിങ്സില്‍ 505 റണ്‍സെടുത്ത ഇംഗ്ലണ്ട് ബാംഗ്ലാദേശിനെ ഫോളോണില് കുടുക്കി രണ്ടാം ഇന്നിങ്സിലും തകര്‍ക്കുകയായിരുന്നു. 349 പന്തില്‍ നിന്ന് 226 റണ്‍സ് നേടിയ ട്രോറ്റിന്റെ ബാറ്റിംഗ് മികവിലാണ് ഇംഗ്ലണ്ട് വന്‍ സ്കോര്‍ കണ്ടെത്തിയത്. സ്ട്രോസ് (83), മോര്ഗന്(44) എന്നിവരും ആദ്യ ഇന്നിങ്സില്‍ മികച്ച ബാറ്റിംഗ് നടത്തി. അഞ്ചു വിക്കറ്റ് നേടിയ സഹാദത്ത് ഹുസൈന് മാത്രമാണ് മികച്ച ബൌളിംഗ് നടത്തിയത്.
കുറ്റന്‍ സ്കോര്‍ മുന്നില്‍ കണ്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് തുടക്കത്തില്‍ പിടിച്ചു നിന്നെങ്കിലും ഫോളോന് സ്കോര്‍ മറിക്കടക്കാനായില്ല. തമിം ഇഖ്ബാല്‍(55), ഇമ്രുല്‍ കൈസ്(43), ജുനൈദ് സിദ്ദീഖ്(58) എന്നിവര്‍ മാത്രമാണ് മികച്ച ബാറ്റിംഗ് നടത്തിയത്. നാലു വിക്കറ്റ് വീതം നേടിയ ആന്‍ഡേര്‍സനും ഫിന്നുമാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.
ആദ്യ ഇന്നിങ്സില്‍ 282 റണ്‍സിന് പുറത്തായ ബംഗ്ലാദേശ് വീണ്ടും ബാറ്റിംഗിനെത്തി. രണ്ടാം ഇന്നിങ്സില്‍ 100 പന്തില്‍ നിന്ന് 103 റണ്‍സ് നേടിയ തമിം ഇഖ്ബാലും 75 റണ്‍സ് നേടിയ ഇമ്രുല്‍ കൈസും ജുനൈദ് സിദ്ദീഖും(74) മികച്ച ബാറ്റിംഗ് നടത്തി പൊരുതിയെങ്കിലും സമനില പോലും നേടാന്‍ കഴിഞ്ഞില്ല. മുന്‍ നിര പുറത്തായതോടെ സ്കോര്‍ 382 റണ്‍സില്‍ അവസാനിച്ചു. ആദ്യ ഇന്നിങ്സില്‍ നാലു വിക്കറ്റ് നേടിയ ഫിന്ന് രണ്ടാം ഇന്നിങ്സില്‍ അഞ്ചു വിക്കറ്റ് നേടി.
ഇതോടെ ജയിക്കാന്‍ വേണ്ടിയിരുന്ന 163 റണ്‍സ് ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ നേടുകയായിരുന്നു. മൊത്തം ഒമ്പത് വിക്കറ്റ് നേടിയ ഫിന്നാണ് കളിയിലെ താരം.