സച്ചിനെ തഴഞ്ഞതില്‍ വിമര്‍ശനം

PTI
ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടുകയും മികച്ചതാരമെന്ന് ലോകം മുഴുവന്‍ വിശേഷിപ്പിക്കുകയും ചെയ്ത സച്ചിനെ അവഹേളിക്കുന്ന തരത്തില്‍ റാംങ്കിംഗ് പട്ടിക പ്രസിദ്ധപ്പെടുത്തിയ ഐ‌സി‌സി നടപടിയില്‍ പ്രതിഷേധം ശക്തമാവുന്നു.

എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്‍‌മാരുടെ പട്ടിക ഐ‌സി‌സി പുറത്തിറക്കിയപ്പോള്‍ മാസ്റ്റര്‍ ബാറ്റ്സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടെസ്റ്റ് റാങ്കിംഗില്‍ ഇരുപത്തിയാറാം സ്ഥാനത്തും ഏകദിന റാങ്കിംഗില്‍ പന്ത്രണ്ടാം സ്ഥാനത്തുമാണ്.

അതേസമയം, ഇതിന് ബാലിശമായ ന്യായീകരണങ്ങളുമായാണ് രാജ്യാന്തര ക്രിക്കറ്റ് കൌണ്‍സില്‍ രംഗത്തെത്തിയത്. താരത്തിന്‍റെ യഥാര്‍ത്ഥ മഹത്വം പ്രതിഫലിപ്പിക്കുന്നതല്ല പട്ടികയെന്നും മറിച്ച് അവരുടെ കളിജീവിതത്തിന്‍റെ ഏറ്റവും മികച്ച ഫോമിലെത്തിയതിന്‍റെ പ്രതിഫലനമാണ് പട്ടികയിലുള്ളതെന്നുമാണ് ഐ‌സി‌സി നിരത്തുന്ന വാദം.

അതായത്, ശരാശരി 700 റേറ്റിംഗ് പോയന്‍റ് ഉള്ള താരം മികച്ച ഫോമിലേക്കുയര്‍ന്ന കാലയളവില്‍ 900 റേറ്റിംഗ് പോയന്‍റു നേടിയാല്‍ പട്ടികയില്‍ ആദ്യ സ്ഥാനത്ത് വരും. കരിയറിലുടനീളം ശരാശരി 850 റേറ്റിംഗ് പോയന്‍റ് നേടുന്ന താരം പിറകിലുമാവും.

വിചിത്രമായ ഈ റാങ്കിംഗില്‍ രീതിക്കെതിരെ മുന്‍ ഇന്ത്യന്‍ താരങ്ങളടക്കമുള്ളവര്‍ നിശിത വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. പട്ടികയില്‍ ആദ്യസ്ഥാനത്തുള്ള പലരേക്കാളും മികച്ച കളിക്കാരനാണ് സച്ചിനെന്ന് ദിലീപ് വെംഗ് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. ബ്രാഡ്മാന്‍ ഒന്നാം നമ്പറാണെങ്കില്‍ സച്ചിന്‍ തീര്‍ച്ചയായും രണ്ടാം സ്ഥാനത്തിന് അര്‍ഹനാണെന്നാണ് ചേതന്‍ ചൌഹാന്‍ പറഞ്ഞത്.

മനീന്ദര്‍ സിംഗ്, ഗൌതം ഗംഭീര്‍ എന്നിവരും ശക്തമായ പ്രതിഷേധവുമായെത്തിയിട്ടുണ്ട്. സച്ചിന് പുറമെ ടെസ്റ്റ് ക്രിക്കറ്റിലെ ഇതിഹാസ താരമായ ബ്രയിന്‍ ലാറയും പട്ടികയില്‍ അവഹേളിക്കപ്പെട്ടു. അദ്ദേഹം ഇരുപത്തിമൂന്നാം സ്ഥാനത്താണ്.

ഐ‌സി‌സി പട്ടികയില്‍ ഡോണ്‍ ബ്രാഡ്മാന്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട് താരങ്ങളായ ലെന്‍ ഹട്ടന്‍, ജെ‌ബി ഹോബ്സ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗും മൂന്നാം സ്ഥാനത്തുണ്ട്. അതേസമയം ഇരുപതാം സ്ഥാനത്തുള്ള സുനില്‍ ഗവാസ്കറാണ് ടെസ്റ്റ് റാങ്കിംഗില്‍ മുന്നിലുള്ള ഇന്ത്യക്കാരന്‍. രാഹുല്‍ ദ്രാവിഡ് മുപ്പതാം സ്ഥാനത്തും വീരേന്ദര്‍ സെവാഗ് അമ്പത്തിയൊന്നാം സ്ഥാനത്തുമാണ്.

ന്യൂഡല്‍ഹി| WEBDUNIA|
ടെസ്റ്റില്‍ 12,429 റണ്‍സും ഏകദിനത്തില്‍ 16,422 റണ്‍സും ഏറ്റവും കൂടുതല്‍ സെഞ്ച്വറികളും നേടിയിട്ടും ആദ്യ ഇരുപത്തിയഞ്ച് സ്ഥാനങ്ങളില്‍ പോലും സച്ചിന്‍റെ പേര് ചേര്‍ക്കാത്തത് ക്രിക്കറ്റ് പ്രേമികളെയും സച്ചിന്‍ ആരാധകരേയും ഒരു പോലെ നിരാശരാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :