മലയാളിയുടെ ശ്രീ ശോഭിക്കുമോ?

WEBDUNIA|
PTI
PTI
വാശിയേറിയ ഒരു ഏകദിന മത്സരത്തിലെന്ന പോലെ അപ്രതീക്ഷിത വഴിത്തിരിവുകളാണ് എസ് ശ്രീശാന്തിന് ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് വാതില്‍ തുറന്നത്. ഇനി അറിയാനുള്ളത് അന്തിമ ഇലവനില്‍ സ്ഥാനം ലഭിക്കുമോയെന്നാണ്. നാലു പേസര്‍മാര്‍ അണിനിരക്കുന്ന ടീമില്‍ ശ്രീശാന്തിന് കളിക്കാന്‍ അവസരം ലഭിക്കുമോയെന്ന് കണ്ടറിയണം.

കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ശ്രീശാന്ത് കാട്ടിയ ശൌര്യം സെലക്ടര്‍മാരുടെയും ക്യാപ്റ്റന്റേയും ഓര്‍മ്മയില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ ശ്രീക്ക് സാധ്യത തെളിയും. ഡര്‍ബനില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ജാക്ക് കാലിസിനെ പുറത്താക്കിയ പന്ത് മതി ശ്രീയുടെ പ്രതിഭ മനസ്സിലാക്കാന്‍. സാങ്കേതികത്തികവുള്ള കാലിസിനെ പുറത്താക്കിയ ആ‍ പന്ത് 2010ലെതന്നെ ഏറ്റവും മികച്ച പന്തായി വിലയിരുത്തപ്പെട്ടതാണ്. പക്ഷേ ശ്രീയുടെ മികച്ച പ്രകടനങ്ങള്‍ ടെസ്റ്റിലാണെന്ന വാദഗതിയും ഉയര്‍ന്നേക്കാം.

ശ്രീക്ക് ആദ്യം ടീമില്‍ ഇടംനേടാന്‍ വെല്ലുവിളിയായ ആശിഷ് നെഹ്രയെ തന്നെയാണ് അന്തിമ ഇലവനില്‍ ഇടം നേടാനും മലയാളി താരത്തിന് മറികടക്കേണ്ടി വരിക. ഏകദിനത്തിന് കൂടുതല്‍ യോജിച്ച ബൗളര്‍ നെഹ്‌റ തന്നെയാണെന്നതാണ് ശ്രീക്ക് വെല്ലുവിളിയാകുന്നത്. - 5.19ന്റെ താഴ്ന്ന ഇക്കോണമി റേറ്റ് നെഹ്രയ്ക്ക് അനുകൂലമാകും. 115 മത്സരങ്ങളില്‍ നിന്നായി 153 വിക്കറ്റുകള്‍ നേടിയതും നെഹ്രയ്ക്ക് അനുകൂല ഘടകമാകും. ശ്രീശാന്ത് 51 കളികളില്‍ വീഴ്ത്തിയത് 75 വിക്കറ്റാണ്.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പിച്ചുകളില്‍ ശ്രീശാന്ത് അത്ര ശോഭിക്കാറില്ലെന്ന വാദഗതിയും ചിലര്‍ ഉയര്‍ത്തിയേക്കാം. സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചില്‍ ശ്രീശാന്തിന്റെ സേവനം ഉപയോഗപ്പെടുത്തേണ്ടതില്ലെന്ന് ക്യാപ്റ്റന്‍ ധോണി തീരുമാനിച്ചാല്‍ മലയാളി താരത്തിന് റിസര്‍വ് ബഞ്ചില്‍ ഇരിക്കേണ്ടി വരും.

പക്ഷേ ഇതിനെയൊക്കെ മറികടക്കുന്ന ചില സംഗതികള്‍ ശ്രീശാന്തിന് പിന്തുണയാകും. അതില്‍ പ്രധാനം സമീപകാലത്തെ മികച്ച ഫോം തന്നെ. കുറെ കാലമായി പരുക്കിന്റെ പിടിയിലായതിനെ തുടര്‍ന്ന് ഫോം വീണ്ടെടുക്കാനാകാത്ത നെഹ്രയെക്കാളും ശാരീരിക ക്ഷമത പ്രകടിപ്പിക്കുന്ന താരമാണ് ശ്രീശാന്ത്.

മാത്രവുമല്ല ഇന്ത്യയുടെ ഏറ്റവും മികച്ച ന്യൂബോള്‍ ജോടി സഹീര്‍ - ശ്രീശാന്ത് കൂട്ടുകെട്ട് തന്നെയാണ്. സഹീര്‍ അന്തിമ ഇലവനില്‍ സ്ഥാനം ഉറപ്പാക്കിയതിനാല്‍ പേസ് നിരയ്ക്ക് ബലം പകരാന്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്തുന്നതാണ് ഉചിതമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഏകദിന ക്രിക്കറ്റില്‍ തുടക്കത്തിലേ വിക്കറ്റ് വീഴ്ത്തുക പ്രധാനമാണ്. അതിന് ഏറ്റവും കഴിവുള്ള ബൗളര്‍മാര്‍ സഹീറും ശ്രീശാന്തും തന്നെയാണെന്നാണ് വിലയിരുത്തപ്പെടല്‍.

ഇന്ത്യയില്‍ ഇപ്പോഴുള്ള ബൌളര്‍മാരില്‍ മികച്ച പ്രതിഭയുള്ള താരമാണ് ശ്രീയെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകാനിടയില്ല. വിക്കറ്റ് വീഴ്ത്തുന്നതിലും കൃത്യമായി പന്തെറിയുന്നതിലും ശ്രീയുടെ മികവ് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അനുകൂലസാഹചര്യം ഒത്തുവന്നാല്‍ മത്സരം സ്വന്തമാക്കാന്‍ ശ്രീക്കുള്ള കഴിവും നാം കണ്ടതാണ്. ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ കഴിവുള്ള താരമായി ശ്രീശാന്ത് വളര്‍ന്ന് കഴിഞ്ഞെങ്കിലും കളിക്കളത്തിലെ മോശം പെരുമാറ്റമാണ് അദ്ദേഹത്തെ പലപ്പോഴും ടീമില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിന് കാരണമെന്നത് പരസ്യമായ രഹസ്യമാണ്.

പക്ഷേ സമീപകാല പ്രകടങ്ങള്‍ കണക്കിലെടുക്കുമ്പോല്‍ മികച്ച പ്രകടനവുമായി ശ്രീശാന്ത് വിമര്‍ശകരുടെ വായ അടപ്പിക്കുമെന്ന് തന്നെ കരുതാം. അതിന് അന്തിമ ഇലവനില്‍ ശ്രീശാന്തിന് ഇടം ലഭിക്കട്ടെ...


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :