കുട്ടിക്കാലത്ത് വളരെയധികം വെണ്ണ തിന്നിരുന്ന വീരുവിനെ അദ്ദേഹത്തിന്റെ അമ്മ ഒരിക്കല്‍ ‘ഉണ്ണികൃഷ്ണനോ‘ട് ഉപമിച്ചിരുന്നു. എന്നാല്‍, ചെപ്പോക്കില്‍ തെളിഞ്ഞ ആകാശത്തെ സാക്ഷി നിറുത്തി അദ്ദേഹം ദക്ഷിണാഫ്രിയ്ക്കെതിരെ ആദ്യ ഇന്നിംഗ്സില്‍ നടത്തിക്കൊണ്ടിരിക്കുന്നത് ‘താണ്ഡവ‘മാണ്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്വഭാവിക പ്രതിഭയെന്ന് കളിയെഴുത്തുകാര്‍ വിശേഷിപ്പിക്കുന്ന സെവാഗ് ദക്ഷിണാഫ്രിക്കന്‍ ബൌളര്‍മാരെ കുടിപ്പിച്ചുക്കൊണ്ടിരിക്കുന്ന വെള്ളത്തിന് കണക്കില്ല. 306 റണ്‍സുമായി നില്ക്കുന്ന ഈ പോരാളി ‘400‘ എന്ന അദ്ഭുത അക്കം നേടുമോയെന്ന് ക്രിക്കറ്റ് ആരാധകര്‍ ഉറ്റു നോക്കുകയാണ്.
90 ശതമാനം സമനില ഉറപ്പായ ഈ ടെസ്റ്റില്‍ വീരു ഈ അദ്ഭുത അക്കം നേടുകയാണെങ്കില്‍ അത് ക്രിക്കറ്റ് ആരാധകര്‍ക്ക് മധുരമുള്ള ഒരു ഓര്‍മ്മയാണ് നല്‍കുക.
41 സിക്സറുകളും നാലു സിക്സറുകളും പറത്തിയാണ് സെവാഗ് ഇത്രയും റണ്‍സ് നേടിയത്. ഏറ്റവും വേഗതയേറിയ ട്രിപ്പിളാണ് അദ്ദേഹം നേടിയത്.
‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക‘യെന്ന നയത്തില്‍ അധിഷ്ഠിതമാണ് സെവാഗിന്റെ ബാറ്റിംഗ്. ഏകദിനമാകട്ടെ ടെസ്റ്റ് ആകട്ടെ തട്ടിമുട്ടി നില്ക്കുന്ന ആര്‍ട്ട് ഫിലിം ഏര്‍പ്പാടിനൊന്നും ഈ ഡല്ഹിക്കാരന് തയ്യാറല്ല. പാളയത്തില്‍ കയറി അക്രമിക്കുകയാണ് അദ്ദേഹത്തിന്റെ നയം.
വെല്ലുവിളികള്‍ അദ്ദേഹത്തിന് ഹരമാണ്. 2002 ല്‍ ഇംഗ്ലണ്ട് പര്യടന വേളയില്‍ വിരേന്ദ്രറിനോട് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുവാന്‍ പറഞ്ഞു. വീരു ചങ്കൂറ്റത്തോടെ ആ ദൌത്യം ഏറ്റെടുത്തു.
എലിസമ്പത്ത് റാണിയുടെ മണ്ണില്‍ ആദ്യ ടെസ്റ്റില്‍ 80 റണ്‍സ് നേടിയ സെവാഗ് രണ്ടാം ടെസ്റ്റില്‍ 100 റണ്‍സ് നേടി. ബംഗ്ലാദേശിനെതിരെ ദയനീയ പ്രകടനം കാഴ്ചവെച്ച സെവാഗിനെ 2007ല്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് ഏകദിന മത്സരങ്ങളിലേക്ക് പരിഗണിച്ചില്ല.
അതേസമയം ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ വീരുവിന് സ്ഥാനം ലഭിച്ചു. ആദ്യ രണ്ട് ടെസ്റ്റുകളില്‍ കാഴ്ചക്കാരനായി ഇരിക്കേണ്ടി വന്ന ഈ 29 കാരന് പെര്‍ത്തില്‍ 29, 43 റണ്‍സുകള്‍ നേടുകയും രണ്ട് വിക്കറ്റുകള്‍ പോക്കറ്റിലാക്കുകയും ചെയ്ത് ഇന്ത്യന്‍ വിജയത്തില്‍ സുപ്രധാന പങ്കു വഹിച്ച്.
അഡ്ലെയ്ഡില് സെവാഗ് ശരിക്കും ജ്വലിച്ചു. ആദ്യ ഇന്നിംഗ്സില്‍ 63 റണ്‍സ് നേടിയ സെവാഗ് രണ്ടാം ഇന്നിംഗ്സില്‍ 151 റണ്‍സ് നേടുകയും ചെയ്തു. മൈതാനത്തില്‍ തകര്‍ത്താടുന്ന സെവാഗിന്റെ കായികക്ഷമത അദ്ഭുതപ്പെടുത്തുന്നതാണ് അദ്ദേഹത്തെ ക്ഷീണിതനായി നിങ്ങള്‍ക്ക് ഇവിടെ കാണുവാന്‍ കഴിയുകയില്ല.
WEBDUNIA|
ഈ കായികക്ഷമതയുടെ കൂടെ ക്രിക്കറ്റിനോടുള്ള ആത്മാര്‍ത്ഥത കൂടി ചേര്‍ന്നതുമൂലമാണ് ലോകക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി രണ്ട് തവണ നേടുന്ന മൂന്നാമത്ത മാത്രം താരമാകുവാന്‍ സെവാഗിന് കഴിഞ്ഞത്.