ഫൈനലില്‍ ഒരു ഘട്ടത്തില്‍ വിജയം പാകിസ്ഥാന്‍ തട്ടിയെടുത്തുവെന്ന് കരുതിയപ്പോഴും ഇന്ത്യയുടെ രക്ഷയ്ക്കെത്തിയത് ഈ ആത്മവിശ്വാസം തന്നെ. നായക സ്ഥാനത്തേക്കുള്ള ഈ പുതിയ കണ്ടെത്തല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ നഷ്ടപ്പെട്ട വസന്തം തിരികെ എത്തിക്കുമെന്ന് പ്രത്യാശിക്കാം. ശ്രദ്ധേയമായ മറ്റൊരു വസ്തുത യുവ്‌രാജ് സിംഗ് ഉള്‍പ്പടെയുള്ള മിക്ക കളിക്കാരുടെയും പ്രായം ഇരുപത്തിയഞ്ചോ അതില്‍ താഴെയോ മാത്രമാണ് എന്നതാണ്.
ഇനി രണ്ടു ലോകകപ്പുകള്‍ കൂടി കളിക്കാനുള്ള ഒരു ടീമിന്‍റെ അരങ്ങേറ്റമായി ഈ ലോകകപ്പിനെ കാണുന്നവരെ തെറ്റുപറയാനാകില്ല. പതിനെട്ടും പതിനേഴും വര്‍ഷങ്ങളായി ടീമില്‍ തുടരുന്ന താരങ്ങളേക്കാള്‍ എത്രയോ മടങ്ങ് ‘ഫ്ലെക്സിബിളാണ്’ ഈ പുതു തലമുറയുടെ ടീം എന്നത് വരുംദിനങ്ങളില്‍ സെലക്ടര്‍മാരുടെ കണ്ണു തുറപ്പിക്കുമെന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം.
ഒരു കളിക്കാരനെ മാത്രം അപേക്ഷിച്ചായിരുന്നില്ല ഇന്ത്യ കളിച്ചത്. ഓരോ സമയത്തും ഓരോരുത്തര്‍ രക്ഷകരായി. ചില സമയത്ത് എല്ലാവരും ഒരുപോലെയും. യുവ്‌രാജും ധോണിയും രോഹിത് ശര്‍മ്മയും റോബിന്‍ ഉത്തപ്പയും ഗംഭീറും പത്താനും എല്ലാവരും ചേര്‍ന്നാണ് ഇന്ത്യയെ വിജയതീരമണച്ചത്.
എല്ലാവരുടേയും പ്രകടനങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഒത്തിണക്കത്തോടെ കളിച്ച ഇന്ത്യയ്ക്ക് ഇത് അര്‍ഹിക്കുന്ന വിജയം തന്നെ. ഈ വിജയം ക്രിക്കറ്റിനോടുള്ള ഇന്ത്യന്‍ സമീപനത്തില്‍ ഒരു പുനര്‍വിചിന്തനത്തിന് വഴിയൊരുക്കുമെന്ന് പ്രത്യാശിക്കാം.