‘ലീല’യില്‍ നിന്ന് ആന്‍ ഔട്ട്, കാര്‍ത്തിക ഇന്‍!

WEBDUNIA|
PRO
രഞ്ജിത് സംവിധാനം ചെയ്യുന്ന ‘ലീല’യില്‍ നിന്ന് ആന്‍ അഗസ്റ്റിന്‍ പുറത്തായി. കാര്‍ത്തിക നായരാണ് ആനിന് പകരം ലീലയാകുന്നത്. ഇതോടെ മമ്മൂട്ടിയുടെ നായികയാകാനുള്ള അവസരമാണ് ആനിന് നഷ്ടമായിരിക്കുന്നത്.

ആര്‍ ഉണ്ണി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ‘ലീല’ എന്ന ചെറുകഥയാണ് രഞ്ജിത് സിനിമയാക്കുന്നത്. കഥയുടെ ക്ലൈമാക്സില്‍ കേന്ദ്ര കഥാപാത്രമായ ലീലയെ ആനയുടെ കൊമ്പുകള്‍ക്കിടയില്‍ ചേര്‍ത്തുനിര്‍ത്തി നഗ്‌നയാക്കിയ ശേഷം നായകനായ കുട്ടിയപ്പന്‍ രതിയിലേര്‍പ്പെടുകയാണ്. വളരെ വിപ്ലവകരമായ ഈ ക്ലൈമാക്സ് ചിത്രീകരണം സാധ്യമാക്കാന്‍ വേണ്ടിയാണ് നായികയെ മാറ്റിയത് എന്നാണ് ലഭിക്കുന്ന സൂചന.

‘ലീല’ എന്ന പ്രൊജക്ട് രഞ്ജിത് പ്രഖ്യാപിക്കുകയും നായികയായി ആന്‍ അഗസ്റ്റിനെ തീരുമാനിക്കുകയും ചെയ്തപ്പോള്‍ മുതല്‍ ആന്‍ അഗസ്റ്റിന്‍ നഗ്‌നയായി അഭിനയിക്കുന്നതിനെക്കുറിച്ച് സംശയം ഉയര്‍ന്നിരുന്നു. പിന്നീട് ആനിന്‍റെ വിവാഹവും നിശ്ചയിച്ചു. പിതൃതുല്യനായ രഞ്ജിത് തനിക്ക് സഭ്യതയുടെ അതിര് ലംഘിക്കുന്ന കഥാപാത്രങ്ങള്‍ നല്‍കില്ലെന്ന് ആന്‍ അഗസ്റ്റിന്‍ ഈയിടെ ഒരു അഭിമുഖത്തിലും വ്യക്തമാ‍ക്കി.

എന്തായാലും ലീലയില്‍ നിന്ന് ആന്‍ ഔട്ടായിരിക്കുകയാണ്. കാര്‍ത്തികയ്ക്ക് മലയാളത്തിലെ മൂന്നാം ചിത്രമാണ് ലീല. നേരത്തേ മകരമഞ്ഞ്, കമ്മത്ത് ആന്‍റ് കമ്മത്ത് എന്നീ സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റി. കമ്മത്തില്‍ കാര്‍ത്തികയുടെ പ്രകടനം കണ്ടിഷ്ടപ്പെട്ട മമ്മൂട്ടിയാണ് ലീലയിലേക്ക് കാര്‍ത്തികയെ നിര്‍ദ്ദേശിച്ചതെന്നും വാര്‍ത്തകളുണ്ട്.

മാര്‍ച്ചില്‍ ലീലയുടെ ചിത്രീകരണം ആരംഭിക്കുകയാണ്. മമ്മൂട്ടിയും പൃഥ്വിരാജും നെടുമുടി വേണുവുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സംവിധായകന്‍ ശ്യാമപ്രസാദ് ‘ലീല’യ്ക്ക് സംഗീതം നല്‍കുന്നു എന്ന പ്രത്യേകതയുമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :