‘ഓര്‍ഡിനറി’ വാരിയത് 18 കോടി, ഇനി ‘ത്രീ ഡോട്ട്‌സ്’ !
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
‘ഓര്‍ഡിനറി’ ഒരു വിപ്ലവമാകുമെന്ന് ആരും വിചാരിച്ചില്ല. സംവിധായകന്‍ സുഗീത് പോലും. മാര്‍ച്ച് 17ന് ചിത്രം റിലീസാകുമ്പോള്‍ രണ്ടാഴ്ച കൊണ്ട് ഓര്‍മ്മയായി മാറുന്ന ലോ ബജറ്റ് തട്ടിക്കൂട്ടുകളുടെ കൂട്ടത്തിലൊന്നായിരിക്കും എന്നാവും പ്രേക്ഷകരും കരുതിയിരിക്കുക. പക്ഷേ, ഓര്‍ഡിനറി പ്രദര്‍ശനത്തിനെത്തി അധികം വൈകാതെ സൂപ്പര്‍ എക്സ്പ്രസായി മാറി.
വെറും രണ്ടരക്കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച ഈ സിനിമ 18 കോടി രൂപയാണ് വാരിക്കൂട്ടിയത്. ബിജുമേനോനും കുഞ്ചാക്കോ ബോബനും തങ്ങളുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിന്‍റെ ഭാഗമായി മാറുകയായിരുന്നു.
ഗവിയുടെ മനോഹരമായ പശ്ചാത്തലത്തില്‍, ഒരു ബസ് നായകനായ കഥയായിരുന്നു ഓര്‍ഡിനറി. വ്യത്യസ്തമായ പ്രമേയവും അഭിനേതാക്കളുടെ ഗംഭീര പ്രകടനങ്ങളും മികച്ച ഛായാഗ്രഹണവുമായിരുന്നു സിനിമയുടെ ഹൈലൈറ്റ്.
എന്തായാലും ഓര്‍ഡിനറിയുടെ വിജയത്തിന് ശേഷം സംവിധായകന്‍ സുഗീതിന് തിരക്കേറുകയാണ്. ഈ കമല്‍ ശിഷ്യന്‍ തന്‍റെ അടുത്ത ചിത്രത്തിന്‍റെ രചനയിലാണ്. ‘ത്രീ ഡോട്ട്‌സ്’ എന്നാണ് പടത്തിന് പേരിട്ടിരിക്കുന്നത്.
“ത്രീ ഡോട്ട്‌സ് ഒരു ഫാമിലി എന്‍റര്‍ടെയ്നറാണ്. മൂന്നു വ്യക്തികളുടെ ജീവിതവുമായി ബന്ധപ്പെട്ട കഥയാണ് ഇത്. ഓരോ വ്യക്തിയെയും ഒറ്റയ്ക്കൊറ്റയ്ക്കെടുത്താല്‍ വലിയ കഥയൊന്നുമില്ലാത്ത ജീവിതമാണെന്നു തോന്നും. അധികമൊന്നും പറയാനില്ലാത്ത, ഒരു ഫുള്‍സ്റ്റോപ്പില്‍ അവസാനിപ്പിക്കാന്‍ കഴിയുന്ന ചെറിയ കഥയെന്ന് തോന്നും. എന്നാല്‍ ഈ മൂന്നു വ്യക്തികളുടെയും ജീവിതങ്ങള്‍ ചേര്‍ത്തുവയ്ക്കുമ്പോള്‍ അവ തമ്മില്‍ വലിയ ബന്ധമുണ്ടെന്ന് ബോധ്യമാകും” - സുഗീത് തന്‍റെ പുതിയ ചിത്രത്തേക്കുറിച്ച് പറയുന്നു.
ത്രീ ഡോട്ട്‌സിലെ താരങ്ങളെ തീരുമാനിച്ചിട്ടില്ല. മലയാളത്തിലെ പ്രമുഖ അഭിനേതാക്കളെ പരിഗണിച്ചുവരുന്നു. പുതുമുഖങ്ങളും ഉണ്ടാകുമെന്ന സൂചനയാണ് സംവിധായകന്‍ നല്‍കുന്നത്.