Last Modified വെള്ളി, 19 ഓഗസ്റ്റ് 2016 (17:52 IST)
രജനികാന്തിന്‍റെ കബാലിയുടെ ഹിന്ദി, തെലുങ്ക് പതിപ്പുകള്‍ വിതരണക്കാര്‍ക്ക് കനത്ത നഷ്ടം വരുത്തിവച്ചതായി റിപ്പോര്‍ട്ടുകള്‍. ചിത്രം 35 കോടി മുതല്‍ മുടക്കിയാണ് ഹിന്ദിയില്‍ വിതരണാവകാശം ഒരു കമ്പനി സ്വന്തമാക്കിയത്. ആദ്യ ദിവസം അഞ്ചുകോടി രൂപ കളക്ഷന്‍ നേടി. എന്നാല്‍ പിന്നീട് ചിത്രത്തിന് അഭിപ്രായം മോശമായപ്പോള്‍ തിയേറ്ററുകളില്‍ ആളുകള്‍ കയറാതായി. ഫലം, ഹിന്ദി വിതരണക്കാരന് കോടികളുടെ നഷ്ടം.
തെലുങ്ക് വിതരണക്കാരന്‍റെ സ്ഥിതിയും മോശമല്ല. ആദ്യത്തെ ആവേശം കെട്ടടങ്ങിയപ്പോള്‍ തെലുങ്ക് മേഖലയില്‍ കബാലി കളിക്കുന്ന തിയേറ്ററുകളില്‍ നിന്നും ജനങ്ങള്‍ മാറിനടന്നു.
എന്നാല്‍ തമിഴകത്തും കേരളത്തിലും കബാലി വിതരണത്തിനെടുത്തവര്‍ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടായി. കേരളത്തില്‍ കബാലി വിതരണം ചെയ്തത് മോഹന്‍ലാല്‍ ആയിരുന്നു. മോഹന്‍ലാല്‍ 7.5 കോടി രൂപയ്ക്കാണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.
ഇതുവരെ കേരളത്തില്‍ കബാലി നേടിയത് 16 കോടി രൂപയാണ്. മോഹന്‍ലാലിന് കോടികളുടെ ലാഭം. എന്തായാലും തെലുങ്ക്, ഹിന്ദി വിതരണക്കാരുടെ നഷ്ടം നിര്‍മ്മാതാവ് കലൈപ്പുലി എസ് താണു നികത്തുമെന്ന് പ്രതീക്ഷിക്കാം. പാ രഞ്ജിത് സംവിധാനം ചെയ്ത കബാലി ലോകമെമ്പാടുമായി 700 കോടിയിലധികം കളക്ഷന്‍ നേടിയെന്നാണ് നിര്‍മ്മാതാവിന്‍റെ അവകാശവാദം.