സേതുരാമയ്യര്‍ കടലാസില്‍ റെഡിയാണ്, പക്ഷേ ഈ വര്‍ഷം നടക്കില്ല!

മമ്മൂട്ടി ഈ വര്‍ഷം സേതുരാമയ്യരാകില്ല!

Mammootty, S N Swami, K Madhu, Renji Panicker, Shaji Kailas, Joshiy, മമ്മൂട്ടി, എസ് എന്‍ സ്വാമി, കെ മധു, രണ്‍ജി പണിക്കര്‍, ഷാജി കൈലാസ്, ജോഷി
Last Modified വെള്ളി, 27 ജനുവരി 2017 (18:27 IST)
ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സി ബി ഐ, നേരറിയാന്‍ സി ബി ഐ എന്നീ നാലു സിനിമകള്‍. സേതുരാമയ്യര്‍ എന്ന ഇന്‍റലിജന്‍റ് സി ബി ഐ ഉദ്യോഗസ്ഥനായി മമ്മൂട്ടി തിളങ്ങിയ സിനിമകള്‍. കെ മധു - എസ് എന്‍ സ്വാമി ടീമിന്‍റെ ഏറ്റവും മികച്ച കുറ്റാന്വേഷണ സിനിമകള്‍. ആ സീരീസിലെ അഞ്ചാം സിനിമ എന്ന് സംഭവിക്കും? അങ്ങനെ ഒരു സിനിമ സംഭവിക്കുമോ?

ചോദ്യങ്ങള്‍ ഒരുപാടാണ്. ഏറെക്കാലമായി സി ബി ഐ സീരീസിന്‍റെ അഞ്ചാം ഭാഗത്തേപ്പറ്റി പറഞ്ഞുകേള്‍ക്കുന്നുണ്ട്. കെ മധുവും എസ് എന്‍ സ്വാമിയും പല അഭിമുഖങ്ങളിലായി അഞ്ചാം സി ബി ഐയെക്കുറിച്ച് പറഞ്ഞു. പക്ഷേ എന്താണ് മമ്മൂട്ടിയുടെ മനസില്‍ എന്ന് ആര്‍ക്കും അറിയില്ല. അദ്ദേഹം സേതുരാമയ്യരാകാന്‍ ആഗ്രഹിക്കുന്നില്ലേ?

എന്നാല്‍ കേട്ടോളൂ, മമ്മൂട്ടി എന്ന മഹാനടന്‍റെ ഉജ്ജ്വല പ്രകടനം സാധ്യമായ ഈ സിനിമാപരമ്പരയിലെ അഞ്ചാം ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ഏറെ സമയമെടുത്ത്, റിസര്‍ച്ച് ചെയ്ത് സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിയിരിക്കുകയാണ് എസ് എന്‍ സ്വാമി. എന്നാല്‍ 2017ല്‍ ചിത്രം പുറത്തിറങ്ങില്ല. മമ്മൂട്ടിയുടെ മറ്റു പ്രൊജക്ടുകളുടെ തിരക്കുതന്നെ പ്രധാന കാരണം. 2018ല്‍ സി ബി ഐ അഞ്ചാം ഭാഗം എത്തുമെന്ന് പ്രതീക്ഷിക്കാം.

സി ബി ഐ അഞ്ചാം ഭാഗവും ഒരു മര്‍ഡര്‍ മിസ്റ്ററി തന്നെയാണ് പറയുന്നത്. നേരറിയാന്‍ സി ബി ഐ റിലീസാകുന്ന സമയത്തെ അപേക്ഷിച്ച് സാങ്കേതികമായി ഏറെ മാറിയ ഘട്ടത്തിലാണ് ഏവരും ജീവിക്കുന്നത്. ലോകം മുഴുവന്‍ ഒരു ചെറിയ പെന്‍ഡ്രൈവിലാക്കി കൊണ്ടുനടക്കുന്ന കാലം. ബുദ്ധിപരമായ നീക്കങ്ങളിലൂടെ പ്രതികളെ പിടിക്കുന്ന സേതുരാമയ്യരെ പുതിയ കാലത്തിലേക്ക് കൊണ്ടുവരുമ്പോള്‍ ഈ സാങ്കേതിക വിപ്ലവം കണ്ടില്ലെന്ന് നടിക്കാനാവില്ല. അതുകൊണ്ടുതന്നെ ചിത്രത്തിന് തിരക്കഥയെഴുതുക എന്നത് എസ് എന്‍ സ്വാമിക്ക് കടുത്ത വെല്ലുവിളിയായിരുന്നു.

ബാബ കല്യാണിയാണ് എസ് എന്‍ സ്വാമി നല്‍കിയ അവസാനത്തെ ഹിറ്റ് ചിത്രം. അതിന് ശേഷം സ്വാമി രചിച്ച പോസിറ്റീവ്, രഹസ്യപ്പോലീസ്, സാഗര്‍ എലിയാസ് ജാക്കി റീലോഡഡ്, ഓഗസ്റ്റ് 15, ലോക്പാല്‍ എന്നീ സിനിമകള്‍ കനത്ത പരാജയമാണ് നേരിട്ടത്. ഇതിനിടയില്‍ ജനകന്‍ എന്നൊരു നല്ല സിനിമ അദ്ദേഹം എഴുതി. ആ സിനിമ മുടക്കുമുതല്‍ തിരിച്ചുപിടിക്കുകയും ചെയ്തു. അതുമാത്രമായിരുന്നു ഒരാശ്വാസം. സേതുരാമയ്യരുടെ സഹായികളായി വേഷമിട്ടവരില്‍ മുകേഷ് പുതിയ ചിത്രത്തിലും ഉണ്ടാകും. രണ്‍ജി പണിക്കരാണ് മറ്റൊരു താരം.

1988ല്‍ മമ്മൂട്ടിക്ക് പറ്റിയ ഒരു പൊലീസ് സ്റ്റോറിയാണ് എസ് എന്‍ സ്വാമിയും കെ മധുവും ആദ്യം ആലോചിച്ചത്. ഇരുപതാം നൂറ്റാണ്ടിന്‍റെ വിജയത്തിന്‍റെ ഹാംഗോവറില്‍ നില്‍ക്കുമ്പോഴായിരുന്നു അത്. ‘ഒന്ന് മാറ്റിപ്പിടിക്ക്’ എന്ന് കെ മധു ആവശ്യപ്പെട്ടപ്പോള്‍ സ്വാമി ഒരു കഥ എഴുതി. അതില്‍ ഒരു പൊലീസ് കഥാപാത്രമായിരുന്നു നായകന്‍.

“മമ്മൂട്ടി ആ സമയത്ത് ആവനാഴി എന്ന തകര്‍പ്പന്‍ ഹിറ്റ് കഴിഞ്ഞ് നില്‍ക്കുന്ന സമയമാണ്. ആ സിനിമയിലെ ഇന്‍സ്പെക്ടര്‍ ബല്‍റാം എന്ന കഥാപാത്രവുമായി ഞങ്ങളുടെ സിനിമയിലെ കഥാപാത്രത്തെ ആളുകള്‍ താരതമ്യപ്പെടുത്തും എന്ന് ഉറപ്പായിരുന്നു. അതുകൊണ്ടാണ് ഒരു മാറ്റം ആവശ്യമായി വന്നത്. അതേ കഥ വ്യത്യസ്തമായ ഒരു രീതിയില്‍ അവതരിപ്പിക്കാമെന്ന് കരുതി” - എസ് എന്‍ സ്വാമി പറയുന്നു. അങ്ങനെയാണ് ‘അലി ഇമ്രാന്‍’ എന്ന സി ബി ഐ ഉദ്യോഗസ്ഥന്‍ ജനിക്കുന്നത്.

മമ്മൂട്ടിയുടെ അടുത്ത് അലി ഇമ്രാന്‍റെ കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹമാണ് ‘അലി ഇമ്രാന്‍ വേണ്ട, ഒരു ബ്രാഹ്മണ കഥാപാത്രം മതി’ എന്ന് പറയുന്നത്. അങ്ങനെ സേതുരാമയ്യരുണ്ടായി. കൈകള്‍ പിറകില്‍ കെട്ടിയുള്ള അയ്യരുടെ നടപ്പും നോട്ടവുമെല്ലാം മമ്മൂട്ടിയുടെ സംഭാവനയായിരുന്നു.

മുന്‍ എന്‍ഐഎ ചീഫ് രാധാ വിനോദ് രാജുവാണ് സേതുരാമയ്യരെ രൂപപ്പെടുത്താന്‍ സ്വാമിക്ക് മാതൃകയായത്. ജനങ്ങള്‍ ഇപ്പോഴും സേതുരാമയ്യരെ ആവേശത്തോടെ ഓര്‍ക്കുകയും ഓരോ പുതിയ സിനിമകള്‍ ഇറങ്ങുമ്പോഴും അവ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്യുന്നു.

1988ലാണ് സിബിഐ സീരീസിലെ ആദ്യഭാഗം പിറന്നത് - ഒരു സിബിഐ ഡയറിക്കുറിപ്പ്. അത് ചരിത്രവിജയമായി. പിന്നീട് 89ല്‍ രണ്ടാം ഭാഗമെത്തി. ‘ജാഗ്രത’ എന്ന പേരിലെത്തിയ ആ സിനിമ അത്ര വിജയമായില്ല. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ‘സേതുരാമയ്യര്‍ സിബിഐ’ എന്ന പേരില്‍ മൂന്നാം ഭാഗമെത്തുന്നത്. അത് മെഗാഹിറ്റായി. 2005ല്‍ നാലാം ഭാഗമായ ‘നേരറിയാന്‍ സിബിഐ’ എത്തി. അത് ശരാശരി വിജയം നേടി.

എസ് എന്‍ സ്വാമി തന്നെ സാഗര്‍ എലിയാസ് ജാക്കിയെയും പെരുമാളിനെയുമൊക്കെ വീണ്ടും പരീക്ഷിച്ചെങ്കിലും സേതുരാമയ്യര്‍ക്ക് ലഭിച്ച വരവേല്‍പ്പ് അവര്‍ക്കാര്‍ക്കും ലഭിച്ചില്ല. അതും സേതുരാമയ്യരുടെ ജനപ്രീതിക്ക് ഉദാഹരണമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :