സൂര്യയുടെ വീട്ടില്‍ റെയ്ഡ്

WEBDUNIA|
PRO
തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയുടെയും ഹിറ്റ് മേക്കര്‍ കെ എസ് രവികുമാറിന്‍റെയും ചെന്നൈയിലെ വീടുകളില്‍ ഇന്‍‌കം ടാക്സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. ഇരുവരും കൃത്യമായി നികുതിയടയ്ക്കാ‍ത്തതിനാലാണ് റെയ്ഡ് നടത്തിയതെന്നാണ് സൂചന. ചൊവ്വാഴ്ച രാവിലെ ഏഴുമണി മുതല്‍ ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് ശേഷമാണ് അവസാനിച്ചത്.

സൂര്യയുടെ ടി നഗറിലെയും അഡയാറിലെയും വീടുകളിലും, രവികുമാറിന്‍റെ ടി നഗറിലുള്ള വീട്ടിലുമാണ് ഇന്‍‌കം ടാക്സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. റെയ്ഡിന്‍റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല. എന്നാല്‍ ഇരുവര്‍ക്കുമെതിരെ ചില രേഖകള്‍ കണ്ടെടുത്തതായി കോടമ്പാക്കത്ത് വാര്‍ത്ത പ്രചരിക്കുന്നുണ്ട്.

തമിഴകത്ത് ഏറ്റവും താരമൂല്യമുള്ള നടനാണ് സൂര്യ. അടുത്ത കാലത്ത് സൂര്യയുടേതായി ഇറങ്ങിയ സിനിമകളെല്ലാം വമ്പന്‍ വിജയങ്ങളാണ്. കോടിക്കണക്കിന് രൂപ പ്രതിഫലം പറ്റുന്ന മതിയായ നികുതിയടയ്ക്കുന്നില്ല എന്ന സംശയമാണ് അധികൃതരെ റെയ്ഡിന് പ്രേരിപ്പിച്ചതെന്ന് കരുതുന്നു.

ബിഗ് ബജറ്റ് സിനിമകളുടെ സംവിധായകനായ കെ എസ് രവികുമാര്‍ രജനീകാന്ത്, കമലഹാസന്‍ തുടങ്ങി എല്ലാ സൂപ്പര്‍താരങ്ങള്‍ക്കും പ്രിയപ്പെട്ട സംവിധായകനാണ്. കമലഹാസന്‍റെ ബ്രഹ്മാണ്ഡ ചിത്രങ്ങളായ ദശാവതാരം, അവ്വൈ ഷണ്മുഖി, തെനാലി, പഞ്ചതന്ത്രം എന്നിവയും രജനീകാന്തിന്‍റെ മുത്തു, പടയപ്പ എന്നീ സിനിമകളും സംവിധാനം ചെയ്തത് രവികുമാറാണ്. സൂര്യയും രവികുമാറും ഒന്നിച്ച ആദവന്‍ ഇപ്പോള്‍ തമിഴ്നാട്ടില്‍ സൂപ്പര്‍ഹിറ്റായി പ്രദര്‍ശിപ്പിച്ചു വരികയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :