സുഗീത് ചിത്രത്തില്‍ നിന്ന് ബിജുമേനോനെ ഒഴിവാക്കി, പകരം ജയറാം!
WEBDUNIA|
PRO
ഓര്‍ഡിനറി, ത്രീഡോട്ട്‌സ് എന്നീ സിനിമകളില്‍ നായകസ്ഥാനത്ത് ബിജുമേനോന്‍ ഉണ്ടായിരുന്നു. ഓര്‍ഡിനറി എന്ന സിനിമ വന്‍ വിജയമായതിന്‍റെ ഏറ്റവും പ്രധാന കാരണം ബിജുമേനോന്‍റെ സാന്നിധ്യം തന്നെയായിരുന്നു. ത്രീഡോട്ട്‌സ് വലിയ നേട്ടമായില്ലെങ്കിലും ആ ചിത്രം കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ഘടകം ബിജുമേനോന്‍ ആയിരുന്നു.
സുഗീത് തന്‍റെ മൂന്നാമത്തെ ചിത്രം കുറച്ചുനാള്‍ മുമ്പ് പ്രഖ്യാപിച്ചിരുന്നു. ‘ഒന്നും മിണ്ടാതെ’ എന്ന് പേരിട്ട ആ സിനിമയിലും നായകനായി നിശ്ചയിച്ചത് ബിജുമേനോനെയാണ്. കാവ്യാമാധവനെയാണ് നായികയായി തെരഞ്ഞെടുത്ത്. ഇപ്പോള്‍ കിട്ടുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബിജുമേനോനെ ആ സിനിമയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ബിജുവിന് പകരം ജയറാം ‘ഒന്നും മിണ്ടാതെ’യില്‍ നായകനാകും.
“ബിജുവിന് ഡേറ്റ് സംബന്ധിയായ പ്രശ്നങ്ങളുണ്ട്. അതുകാരണം ഈ സിനിമയില്‍ ഞങ്ങള്‍ നായകസ്ഥാനത്ത് ജയറാമിനെ തീരുമാനിച്ചു. മറ്റ് താരങ്ങളെ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനിക്കും” - സംവിധായകന്‍ സുഗീത് പറയുന്നു.
“ഞാന്‍ ഇതുവരെ ജയറാമിനൊപ്പം വര്‍ക്ക് ചെയ്തിട്ടില്ല. സംവിധാന സഹായിയായിരിക്കുന്ന കാലത്തുപോലും അങ്ങനെ ഒരവസരം ലഭിച്ചില്ല” - ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സുഗീത് വ്യക്തമാക്കി.
ഒരു കൃഷി ഓഫീസറെയും ഭാര്യയെയും ചുറ്റിപ്പറ്റിയുള്ള കുടുംബകഥയാണ് ഒന്നും മിണ്ടാതെ. വളരെ സ്നേഹത്തോടെ കഴിയുന്ന അവരുടെ ജീവിതത്തില്‍ യാദൃശ്ചികമായുണ്ടായ ഒരു സംഭവം വഴിത്തിരിവാകുന്നു.
ത്രീ ഡോട്ട്‌സിന്‍റെ തിരക്കഥയെഴുതിയ രാജേഷ് രാഘവനാണ് ഒന്നും മിണ്ടാതെയുടെ കഥ തയ്യാറാക്കിയിരിക്കുന്നത്. ഒക്ടോബറില്‍ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.