ഷാജി കൈലാസ് - സുരേഷ്ഗോപി ടീം വീണ്ടും!

WEBDUNIA|
PRO
ഒരുകാലത്ത് സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സംവിധായകനായിരുന്നു ഷാജി കൈലാസ്. മമ്മൂട്ടിക്ക് കിംഗും വല്യേട്ടനും സമ്മാനിച്ച സംവിധായകന്‍. മോഹന്‍ലാലിന് ആറാം തമ്പുരാനും നരസിംഹവും നല്‍കിയയാള്‍. പിടിച്ചുനില്‍ക്കാനായി കോമഡിച്ചിത്രങ്ങളിലേക്ക് തിരിഞ്ഞെങ്കിലും ആ ശ്രമവും പരാജയമായി.

‘ഇതെന്തൊരു വീഴ്ച!!!” എന്നൊക്കെ അത്ഭുതം കൂറാവുന്ന രീതിയിലൊരു തകര്‍ച്ചയാണ് ഷാജി കൈലാസിന് സ്വന്തം കരിയറില്‍ ഉണ്ടായത്. ‘ബാബാകല്യാണി’ക്ക് ശേഷം ഷാജി ചെയ്ത സിനിമകളെല്ലാം നിലം തൊടാതെ പൊട്ടി. ടൈം, അലിഭായ്, സൌണ്ട് ഓഫ് ബൂട്ട്, റെഡ് ചില്ലീസ്, ദ്രോണ2010, ആഗസ്റ്റ് 15, ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍, സിംഹാസനം, മദിരാശി എന്നീ സിനിമകളുടെ പരാജയത്തോടെ ഷാജി കൈലാസിന്‍റെ താരമൂല്യം കുത്തനെ ഇടിഞ്ഞു. ഇപ്പോള്‍ ജയറാമിനെ നായകനാക്കി ജിഞ്ചര്‍ എന്ന ലോ ബജറ്റ് ചിത്രത്തിന്‍റെ ജോലികളിലാണ് ഷാജി കൈലാസ്.

ഒരു വലിയ മടങ്ങിവരവ് ഷാജി കൈലാസിന് ആവശ്യമാണ്. ഷാജി അത് അങ്ങേയറ്റം ആഗ്രഹിക്കുന്നുണ്ട്. നല്ല തിരക്കഥയുടെ പിന്‍‌ബലത്തോടെ മാത്രമേ ഷാജിക്ക് പഴയ പ്രതാപകാലത്തേക്ക് മടങ്ങിപ്പോകാന്‍ പറ്റൂ. എന്തായാലും ഷാജിയുടെ ആഗ്രഹം ഉടന്‍ സഫലമാകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

സുരേഷ്ഗോപി നായകനാകുന്ന പുതിയ ചിത്രത്തിലൂടെ വന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഷാജി കൈലാസ്. ഷാജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉടന്‍ അഭിനയിച്ചുതുടങ്ങുമെന്ന് സുരേഷ്ഗോപി അറിയിച്ചു. ആരാണ് ഈ സിനിമയുടെ തിരക്കഥ എന്ന് വ്യക്തമായിട്ടില്ല. ബി ഉണ്ണികൃഷ്ണന്‍ തിരക്കഥ രചിക്കുമെന്നാണ് ലഭിക്കുന്ന സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :