വീണ്ടും ‘ശ്യാമള’, ഇത്തവണ ഉര്‍വശി!

WEBDUNIA|
PRO
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ‘ശ്യാമള’ മലയാള സിനിമയുടെ ബോക്സോഫീസ് ഇളക്കിമറിച്ചു. ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ചിന്താവിഷ്ടയായ ശ്യാമള’. വീണ്ടും അവതരിക്കുകയാണ്. ഇത്തവണ ഉര്‍വശിയാണ് ശ്യാമളയാകുന്നത്. പഴയ ശ്യാമളയുമായി ഈ കഥാപാത്രത്തിന് ബന്ധമൊന്നുമില്ലെന്ന് മാത്രം.

‘സകുടുംബം ശ്യാമള’ എന്നാണ് പുതിയ ചിത്രത്തിന്‍റെ പേര്. പൂജപ്പുര തിരക്കഥയെഴുതുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ രാധാകൃഷ്ണന്‍ മംഗലത്ത്. എം എല്‍ എയായ ശ്യാമള എന്ന ചെറുപ്പക്കാരിയായാണ് ഉര്‍വശി വേഷമിടുന്നത്. ശ്യാമളയുടെ മകന്‍ അശോകന്‍ എന്ന കഥാപാത്രത്തെ കുഞ്ചാക്കോ ബോബനും അശോകന്‍റെ ഭാര്യ അഞ്ജലിയായി ഭാമയും അഭിനയിക്കുന്നു.

ഒരു ടി വി അവതാരകയാണ് അഞ്ജലി. ആ ചാനലിലെ എഡിറ്ററാണ് അശോകന്‍. മരുമകളാണെങ്കിലും അഞ്ജലിയെ ശ്യാമളയ്ക്ക് തീരെ ഇഷ്ടമല്ല. ഇവരുടെ കുടുംബത്തിലുണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങളുടെ രസകരമായ ആവിഷ്കാരമാണ് സകുടുംബം ശ്യാമള.

കുഞ്ചുവീട്ടില്‍ ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഗോപകുമാര്‍ നിര്‍മ്മിക്കുന്ന ഈ സിനിമ മേയ് മാസത്തില്‍ ചിത്രീകരണം ആരംഭിക്കും. ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബന്‍ഡ്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കൃഷ്ണ പൂജപ്പുര തിരക്കഥ രചിക്കുന്ന ചിത്രമാണിത്. ‘ഇന്ദുമുഖി ചന്ദ്രമതി’ പോലെയുള്ള ഹിറ്റ് സീരിയലുകള്‍ സംവിധാനം ചെയ്തിട്ടുള്ള രാധാകൃഷ്ണന്‍ മംഗലത്തിന്‍റെ ആദ്യ ചിത്രമായ ‘സകുടുംബം ശ്യാമള’ നല്ലൊരു ഫാമിലി എന്‍റര്‍ടെയ്നറായിരിക്കുമെന്ന് കൃഷ്ണ പൂജപ്പുര പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :