വിക്രം ഡല്‍ഹിയില്‍ ‘താണ്ഡവം’ തുടങ്ങി!

WEBDUNIA|
PRO
തമിഴ് സൂപ്പര്‍താരം വിക്രമിന്‍റെ പുതിയ ചിത്രം ‘രാജപാട്ടൈ’ വമ്പന്‍ ഇനിഷ്യല്‍ കളക്ഷന് ശേഷം കെട്ടടങ്ങി. കൊമേഴ്സ്യല്‍ ചേരുവകളെല്ലാം വേണ്ടവിധം ചേര്‍ത്തിട്ടും ചിത്രത്തിന് ലോംഗ് റണ്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ഒരു വലിയ ഹിറ്റ് വിക്രമിന് അത്യാവശ്യമായിരിക്കുകയാണ്. തമിഴ് ബോക്സോഫീസില്‍ തന്‍റെ താരമൂല്യം നിലനിര്‍ത്തേണ്ടതിന് വിക്രമിന് അത് അനിവാര്യമാണ്.

ഒരു മെഗാഹിറ്റിനായി വിക്രം ആശ്രയിച്ചിരിക്കുന്നത് തനിക്ക് ‘ദൈവത്തിരുമകള്‍’ എന്ന ഹിറ്റ് സമ്മാനിച്ച എ എല്‍ വിജയ് എന്ന സംവിധായകനെയാണ്. വിജയ് സംവിധാനം ചെയ്ത് വിക്രം നായകനാകുന്ന ‘താണ്ഡവം’ എന്ന സിനിമയുടെ ഷൂട്ടിംഗ് ഡല്‍ഹിയില്‍ ആരംഭിച്ചു. ഡല്‍ഹി ജുമാ മസ്ജിദിന് സമീപപ്രദേശങ്ങളില്‍ തുടര്‍ച്ചയായ 20 ദിവസത്തെ ഷൂട്ടിംഗാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. യു ടി വി മോഷന്‍ പിക്ചേഴ്സാണ് താണ്ഡവം നിര്‍മ്മിക്കുന്നത്.

അനുഷ്ക ഷെട്ടി നായികയാകുന്ന ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂള്‍ ലോസാഞ്ചലസിലായിരിക്കും. പ്രധാന ആക്ഷന്‍ സീക്വന്‍സുകള്‍ അവിടെയാണ് ചിത്രീകരിക്കുന്നത്. 30 ദിവസത്തെ ചിത്രീകരണമണ് ലോസാഞ്ചലസിലുള്ളത്. തെലുങ്ക് താരം ജഗപതി ബാബുവാണ് ചിത്രത്തിലെ വില്ലന്‍. നീരവ് ഷാ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ജി വി പ്രകാശ് സംഗീതം നല്‍കുന്നു.

2002ലെ അമേരിക്കന്‍ സ്പൈ ത്രില്ലറായ ‘ബോണ്‍ ഐഡന്‍റിറ്റി’യാണ് വിജയ് - വിക്രം ടീം താണ്ഡവമാക്കി തമിഴില്‍ പരീക്ഷിക്കാനൊരുങ്ങുന്നത്. ദൈവത്തിരുമകള്‍ മെഗാഹിറ്റായതിന്‍റെ ആഘോഷവേളയിലാണ് സംവിധായകന്‍ വിജയ് ഈ പ്രൊജക്ടിന്‍റെ കഥ പറയുന്നത്. കഥ ഇഷ്ടപ്പെട്ട വിക്രം ഈ സിനിമയ്ക്കായി ‘തത്കാല്‍ ഡേറ്റ്’ നല്‍കുകയായിരുന്നു.

മാറ്റ് ഡാമണ്‍ നായകനായ ബോണ്‍ ഐഡന്‍റിറ്റി ഹോളിവുഡിലെ വമ്പന്‍ ഹിറ്റുകളില്‍ ഒന്നാണ്. ബോണ്‍ സുപ്രീമസി, ബോണ്‍ അള്‍ട്ടിമേറ്റം എന്നിങ്ങനെ ഈ സിനിമകളുടെ തുടര്‍ച്ചകള്‍ ഇറങ്ങിയപ്പോഴും വിജയം കൂടെ നിന്നു. ചിത്രത്തിന്‍റെ നാലാം ഭാഗമായ ‘ബോണ്‍ ലെഗസി’യുടെ പണിപ്പുരയിലാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. ഈ സിനിമ തമിഴിലേക്കെത്തുമ്പോള്‍ വന്‍ വിജയം സൃഷ്ടിക്കാന്‍ വിജയ് - വിക്രം ടീമിന് കഴിയുമോ എന്ന് കാത്തിരിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :