ലാല്‍ജോസിന്‍റെ ‘ആട്ടിന്‍‌കുട്ടി’ മറ്റൊരു ‘കുഞ്ഞാട്’ ?

WEBDUNIA|
PRO
‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന സിനിമയിലെ നായക കഥാപാത്രമായ സോളമന്‍ ഒരു പഞ്ചപാവമായിരുന്നു. ആരെങ്കിലും തല്ലാന്‍ വന്നാല്‍ അനുസരണയോടെ അതിന് നിന്നുകൊടുക്കുന്ന പേടിത്തൊണ്ടനായ മനുഷ്യന്‍. ദിലീപ് ആ കഥാപാത്രത്തെ ഗംഭീരമാക്കുകയും പടം സൂപ്പര്‍ഹിറ്റാകുകയും ചെയ്തു. ഏതാണ്ട് അതേ പാതയില്‍ മറ്റൊരു ചിത്രം ഒരുങ്ങുന്നു. ദിലീപിന് പകരം കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്‍. കുഞ്ഞാടിന് പകരം ആട്ടിന്‍‌കുട്ടി എന്ന് പറയാം. ചിത്രത്തിന്‍റെ പേര് - ‘പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും’.

ലാല്‍ ജോസാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. “നാല് സഹോദരന്‍‌മാരുടെ കഥയാണ് പുള്ളിപ്പുലികളും ആട്ടിന്‍‌കുട്ടിയും. മുതിര്‍ന്ന മൂന്ന് സഹോദരങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളുടെയെല്ലാം തിക്തഫലം അനുഭവിക്കേണ്ടിവരുന്ന പാവം ഇളയ സഹോദരന്‍റെ കഥയാണിത്. ഏറ്റവും ഇളയ സഹോദരനായാണ് ഞാന്‍ അഭിനയിക്കുന്നത്” - കുഞ്ചാക്കോ ബോബന്‍ അറിയിച്ചു.

എല്‍‌സമ്മ എന്ന ആണ്‍കുട്ടിയും സ്പാനിഷ് മസാലയുമായിരുന്നു കുഞ്ചാക്കോ ബോബനും ലാല്‍ ജോസും ഒന്നിച്ച ചിത്രങ്ങള്‍. ഇതില്‍ ‘എല്‍‌സമ്മ’ ചാക്കോച്ചന്‍റെ പുതിയൊരു മുഖം അനാവരണം ചെയ്ത സിനിമയായിരുന്നു. ആ സിനിമയോടെയാണ് ചാക്കോച്ചന്‍ ചോക്ലേറ്റ് വേഷങ്ങള്‍ ഉപേക്ഷിച്ച് വഴിമാറി നടക്കാന്‍ തുടങ്ങിയത്. കുഞ്ചാക്കോ ബോബനും ലാല്‍ ജോസും വീണ്ടും ഒന്നിക്കുമ്പോള്‍ വലിയൊരു ഹിറ്റാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

പൂര്‍ണമായും കുട്ടനാട്ടില്‍ ചിത്രീകരിക്കുന്ന ഒരു സിനിമയാണിത്. ഒരു ലാല്‍ ജോസ് ചിത്രം ആദ്യമായാണ് കുട്ടനാടിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്നത്. എം സിന്ധുരാജാണ് തിരക്കഥ രചിക്കുന്നത്. എല്‍‌സമ്മ എന്ന ആണ്‍കുട്ടിയും സിന്ധുരാജിന്‍റെ തിരക്കഥയായിരുന്നു.

“ഞാനും സിന്ധുരാജും ആലപ്പുഴക്കാരാണ്. ഞങ്ങള്‍ക്ക് ഏറെ പരിചിതമായ സ്ഥലങ്ങളിലാണ് ചിത്രീകരണം. അതുകൊണ്ടുതന്നെ ഈ സിനിമ ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്” - കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :