മമ്മൂട്ടിയുടെ മകന്‍ നായകന്‍!

WEBDUNIA|
PRO
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ നായകനാകുന്നു. തമിഴിലെ ഹിറ്റ്മേക്കര്‍ ലിംഗുസാമി ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിലാണ് മമ്മൂട്ടിയുടെ മകന്‍ ദുല്‍‌ഹര്‍ സല്‍മാന്‍ നായകനാകുന്നത്. ഈ ചിത്രത്തില്‍ മമ്മൂട്ടി അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെടും.

ആനന്ദം, റണ്‍, ചണ്ടക്കോഴി, ഭീമ, പയ്യാ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലെ ഒന്നാം നമ്പര്‍ സംവിധായകനായ ലിംഗുസാമിക്ക് മലയാളത്തിലൊരു സിനിമ ചെയ്യണമെന്നത് ഏറെക്കാലമായുള്ള ആഗ്രഹമാണ്. തന്‍റെ ഏറ്റവും അടുത്ത സുഹൃത്തായ മമ്മൂട്ടിയോട് ലിംഗുസാമി വളരെനാളായി ഇക്കാര്യം സൂചിപ്പിക്കുന്നുമുണ്ട്. ഇപ്പോള്‍, നല്ലൊരു കഥ ലഭിച്ചപ്പോള്‍ അത് മമ്മൂട്ടിയോട് ലിംഗുസാമി പറയുകയും മകനെ നായകനാക്കി അഭിനയിപ്പിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

മികച്ച കഥയും കഥാപാത്രവുമായതിനാല്‍ മമ്മൂട്ടി സമ്മതം മൂളുകയായിരുന്നു. അതുമാത്രമല്ല, മമ്മൂട്ടി ഈ ചിത്രത്തില്‍ ഒരു ഗസ്റ്റ് റോളില്‍ എത്തണം എന്നതും ലിംഗുസാമിയുടെ ആഗ്രഹമായിരുന്നു. അതും അദ്ദേഹം സമ്മതിച്ചു. അതോടെ, പ്രണയവും പ്രതികാരവും ആക്ഷനും എല്ലാം സമം ചേര്‍ത്ത ഒരു പക്കാ ലിംഗുസാമി സിനിമ മലയാളത്തില്‍ രൂപം കൊള്ളുകയായിരുന്നു.

തന്‍റെ തമിഴ് പ്രൊജക്ടുകളില്‍ ഇപ്പോള്‍ ബിസിയാണ് ലിംഗുസാമി. ചിമ്പുവിനെ നായകനാക്കി ഒരു സിനിമയാണ് ഉടന്‍ ചെയ്യുന്നത്. അതിന് ശേഷം മലയാളചിത്രം ആരംഭിക്കാമെന്നാണ് ലിംഗുസാമി കരുതുന്നത്. എന്തായാലും ദുല്‍ഹര്‍ സല്‍മാന്‍ നായകനാകുന്നതോടെ മറ്റൊരു താരപുത്രന്‍ കൂടി മലയാളസിനിമയിലെ നായകനിരയിലേക്ക് എത്തുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :