മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി പ്രിയാമണി അഭിനയിക്കുന്നു. രഞ്ജിത് സംവിധാനം ചെയ്യുന്ന ‘പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്’ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും പ്രിയാമണിയും ഒന്നിക്കുന്നത്. പ്രിയ ആദ്യമായാണ് മമ്മൂട്ടിയുടെ നായികയാകുന്നത്. മമ്മൂട്ടി - മോഹന്‍ലാല്‍ - ദിലീപ് - ജയറാം - സുരേഷ്ഗോപി എന്നീ വന്‍ സ്റ്റാറുകള്‍ക്കൊപ്പം ഇതുവരെയും പ്രിയാമണി അഭിനയിച്ചിരുന്നില്ല. യംഗ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിനൊപ്പമാണ് പ്രിയ ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായികയായത്.
മമ്മൂട്ടിയുടെ നായികയാകാനുള്ള ഈ അവസരം മലയാളത്തിലെ മറ്റ് സീനിയേഴ്സിന്‍റെ സിനിമകളിലേക്കുള്ള പാതയൊരുക്കുമെന്ന വിശ്വാസത്തിലാണ് പ്രിയാമണി. അതേസമയം, രഞ്ജിത് തന്നെ ഒരുക്കിയ ‘തിരക്കഥ’ എന്ന ചിത്രത്തില്‍ നായികയായിരുന്നു ഈ താരം.
‘പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്’ ഒരു ആക്ഷേപഹാസ്യ ചിത്രമാണ്. ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ് അഥവാ സി ഇ ഫ്രാന്‍സിസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സ്വന്തം പ്രാഞ്ചിയേട്ടനാണ് ഇയാള്‍. തൃശൂരില്‍ അരി മൊത്തവ്യാപാരമാണ് കക്ഷിയുടെ ജോലി.
രാഷ്ട്രീയവും കള്ളസ്വാമിമാരും വ്യവസായവുമെല്ലാം ഈ ചിത്രത്തിലൂടെ ആക്ഷേപഹാസ്യത്തിന്‍റെ കൂരമ്പുകളില്‍ കൊരുക്കപ്പെടുന്നു. പാലേരി മാണിക്യത്തിന് ശേഷം രഞ്ജിത്തും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമയാണ് പ്രാഞ്ചിയേട്ടന്‍. ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയായി. ജൂലൈ ആദ്യവാരമാണ് ചിത്രീകരണം ആരംഭിക്കുന്നത്. വേണുവാണ് ഛായാഗ്രഹണം.