Last Modified തിങ്കള്‍, 5 ഡിസംബര്‍ 2016 (11:14 IST)
തോമസ്: ആരോടാടീ നീ ആളാവുന്നെ! ങേ? ഞാനേയ്, കാഞ്ഞിരപ്പള്ളിക്കാരന്‍ ക്രിസ്‌ത്യാനിയാ. കാഞ്ഞിരപ്പള്ളിക്കാരന്‍ ക്രിസ്‌ത്യാനീന്നു പറഞ്ഞാല്‍ നിനക്കു മനസ്സിലാകുമോ?
ആലീസ്: (നിശ്ശബ്‌ദം)
തോമസ്: നിനക്കു മനസ്സിലാകുകേലാ. കാഞ്ഞിരപ്പള്ളിക്കാരന്‍ ക്രിസ്‌ത്യാനിക്ക്, അവന്റെ പെമ്പിളേ നിലയ്‌ക്കു നിര്‍ത്താനറിയാം. അതാ കാഞ്ഞിരപ്പള്ളിക്കാരന്‍ ക്രിസ്‌ത്യാനീന്നു പറഞ്ഞാല്‍.
ആലീസ്: (നിശ്ശബ്‌ദം)
തോമസ്: നിന്‍റെയിഷ്‌ടത്തിനു ഞാന്‍ സംസാരിക്കണംന്നു പറഞ്ഞാല്‍ അതിവിടെ നടക്കുകേല. എന്‍റെയിഷ്‌ടത്തിനു ഞാന്‍ സംസാരിക്കും. എന്‍റെയിഷ്‌ടത്തിനു ഞാന്‍ സംസാരിക്കുമ്പോ അതു കേള്‍ക്കുകാ നിന്‍റെ ജോലി. അല്ലാതെ നിന്‍റെയിഷ്‌ടത്തിനു ഞാന്‍ സംസാരിക്കണംന്നു (സ്വയം വിലയിരുത്തി)… ങേ, നിന്‍റെയിഷ്‌ടത്തിനു ഞാനെങ്ങനെയാ സംസാരിക്കുന്നത്? അതിനു നിന്‍റെ മറ്റവനെ നോക്കിയാ മതിയെടീ. (വീണ്ടും തിരുത്തി.) മറ്റവന്‍ന്നു പറേമ്പോ നിന്‍റെ അപ്പനെ പറയ്‌കയല്ലാ - അതു ഞാന്‍ പറയ്‌കേലാ - മറ്റവന്‍ന്നു പറഞ്ഞാല്‍, നിന്‍റെ....
‘കൂടെവിടെ’ എന്ന സിനിമയില്‍ മമ്മൂട്ടിയാണ് കാഞ്ഞിരപ്പള്ളിക്കാരന്‍ ക്രിസ്ത്യാനി. ആലീസായി അഭിനയിച്ചത് സുഹാസിനി. റഹ്‌മാന്‍ ആദ്യമായി അഭിനയിച്ച സിനിമ. പത്‌മരാജന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രം.
പത്മരാജന്‍റെ ആദ്യ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു കൂടെവിടെ. കലാമൂല്യമുള്ള ചിത്രത്തിന് ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് കൂടെവിടെയ്ക്ക് ആയിരുന്നു. പനോരമയിലേക്കും സെലക്ഷന്‍ കിട്ടി. തമിഴ് എഴുത്തുകാരിയായ വാസന്തിയുടെ ‘മുകില്‍പ്പൂക്കള്‍’ (മലയാളത്തില്‍ ‘ഇല്ലിക്കാടുകള്‍ പൂത്തപ്പോള്‍) എന്ന നോവലിനെ ആധാരമാക്കിയാണ് കൂടെവിടെ പത്മരാജന്‍ എഴുതിയത്.
കൂടെവിടെ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്. മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിക്കും. ബിജോയ് നമ്പ്യാര്‍ നിര്‍മ്മിക്കുന്ന ചിത്രം മണിരത്നത്തിന്‍റെ സംവിധാനസഹായിയായ പ്രിയ സംവിധാനം ചെയ്യുമെന്നാണ് വിവരം. പ്രീപ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരികയാണ്.
കൂടെവിടെയുടെ പ്രമേയം - ഊട്ടിയിലെ ഒരു ബോര്‍ഡിംഗ് സ്കൂളിലേക്ക് പുതുതായി ചേരുന്ന തലതിരിഞ്ഞ വിദ്യാര്‍ത്ഥിയാണ് രവി പുത്തൂരാന്‍(റഹ്‌മാന്‍). സ്കൂളിലെ അധ്യാപികയായ ആലീസ്(സുഹസിനി) അവന്‍റെ സ്വഭാവരീതികള്‍ മാറ്റിയെടുത്ത് നല്ല പയ്യനാക്കി മാറ്റുന്നു. രവിയുടെ മേല്‍ ആലീസ് ഏറെ ശ്രദ്ധ ചെലുത്തുന്നത് ആലീസിന്‍റെ കാമുകനായ ക്യാപ്റ്റന്‍ തോമസിനെ(മമ്മൂട്ടി) അസ്വസ്ഥനാക്കുന്നു.