Last Updated:
ചൊവ്വ, 19 ഓഗസ്റ്റ് 2014 (19:06 IST)
മണിരത്നം എന്ന പേരിന് ഇന്ത്യന്‍ സിനിമയുടെ നായകന്‍ എന്നുതന്നെയാണ് അര്‍ത്ഥം. ഒരുപാട് മഹാരഥന്‍മാരെ കണ്ടെങ്കിലും സിനിമാലോകത്തിന് അന്നും ഇന്നും ഒരേയൊരു മണിരത്നമേയുള്ളൂ. അപ്രതീക്ഷിതനടുക്കങ്ങള്‍ കൊണ്ട് എന്നും വിസ്മയിപ്പിക്കുന്ന ചലച്ചിത്രകാരന്‍.
തമിഴിലും ഹിന്ദിയിലുമാണ് മണിരത്നത്തിന്‍റെ ചിത്രങ്ങളെങ്കിലും മലയാളത്തിന്‍റെ പ്രമുഖ താരങ്ങള്‍ മണിരത്നം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിനെ നായകനാക്കി 'ഉണരൂ' എന്നൊരു മലയാളചിത്രം തന്നെ ഒരുക്കിയിട്ടുണ്ട് അദ്ദേഹം.
മോഹന്‍ലാലിന് ഇരുവര്‍, മമ്മൂട്ടിക്ക് ദളപതി, പൃഥ്വിരാജിന് രാവണന്‍ എന്നിവ സമ്മാനിച്ചതും മണിരത്നം. ഇനി ദുല്‍ക്കര്‍ സല്‍മാന്‍റെ സമയം.
ദുല്‍ക്കറിനെ നായകനാക്കിയാണ് മണിരത്നം അടുത്ത ചിത്രം പ്ലാന്‍ ചെയ്യുന്നതെന്നാണ് പുതിയ വിവരം. ദുല്‍ക്കര്‍ ഇതുവരെ അഭിനയിച്ച സിനിമകളൊക്കെ കണ്ട മണിരത്നം യുവതാരത്തിന്‍റെ അഭിനയത്തികവില്‍ അങ്ങേയറ്റം തൃപ്തനാണ്.
ദുല്‍ക്കറിനെ നായകനാക്കി ഒരു പ്രണയകഥ പറയാനാണ് മണിരത്നം ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. കന്നത്തില്‍ മുത്തമിട്ടാലിന് ശേഷം മണിരത്നം സംവിധാനം ചെയ്ത സിനിമകളെല്ലാം ബോക്സോഫീസില്‍ തിരിച്ചടി നേരിട്ടവയാണ്. ദുല്‍ക്കറിലൂടെ മണിരത്നത്തിന് ഒരു വലിയ ഹിറ്റ് ലഭിക്കുമോ എന്ന് കാത്തിരിക്കുകയാണ് സിനിമാലോകം.