മമ്മൂട്ടി ആനക്കാരന്‍; ചിത്രം - ഗണപതി

WEBDUNIA|
PRO
മമ്മൂട്ടി ആനക്കാരനായി അഭിനയിക്കുന്നു. ‘ഗണപതി’ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമ വി എം വിനുവാണ് സംവിധാനം ചെയ്യുന്നത്. റെജി നായര്‍ തിരക്കഥയെഴുതുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. നായികയെ തീരുമാനിച്ചിട്ടില്ല.

മമ്മൂട്ടി ആനക്കാരനായി അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്. ആനയുടെ പാപ്പാനും മുതലാളിയും ഒക്കെ ഈ കഥാപാത്രം തന്നെയാണ്. വളരെ രസകരമായ ഒരു കഥയാണ് ഈ സിനിമയുടേതെന്ന ഒരു സംസാരം മലയാള സിനിമാലോകത്ത് പരന്നിട്ടുണ്ട്. അക്കു അക്ബറിനു വേണ്ടിയാണ് റെജി നായര്‍ ആദ്യം ‘ഗണപതി’യുടെ തിരക്കഥ രചിച്ചത്. എന്നാല്‍ കഥയില്‍ തൃപ്തനാകാതെ അക്കു ഈ ചിത്രം ഉപേക്ഷിക്കുകയായിരുന്നു. അക്കു അക്ബറിന് മമ്മൂട്ടി ഡേറ്റും നല്‍കിയിരുന്നു. ആ ഡേറ്റ് ഉപയോഗിക്കാന്‍ അക്കുവിന് കഴിഞ്ഞില്ല. ഗണപതി വേണ്ടെന്നു വച്ച് അതിനു പകരം അക്കു അക്ബര്‍ എടുത്ത ‘കാണാക്കണ്‍‌മണി’ എന്ന സിനിമ വന്‍ പരാജയമായി മാറുകയും ചെയ്തു.

അക്കു ഈ തിരക്കഥയെ തഴഞ്ഞപ്പോഴാണ് വി എം വിനുവിനെ സമീപിക്കാന്‍ റെജി നായര്‍ തീരുമാനിച്ചത്. മമ്മൂട്ടിക്ക് നേരത്തേ ഈ കഥ ഇഷ്ടമായിരുന്നു. ഈ കഥ സിനിമയാക്കാന്‍ വിനുവിനോട് മമ്മൂട്ടിയാണ് നിര്‍ദ്ദേശിച്ചതെന്നും സൂചനയുണ്ട്. മമ്മൂട്ടിക്കു വേണ്ടി ‘പട്ടാളം’ എന്ന സിനിമയ്ക്ക് തിരക്കഥയെഴുതിയത് റെജി നായരാണ്. പട്ടാളം പരാജയമായിരുന്നു. തുടര്‍ന്ന് റെജി എഴുതിയ ‘ഒരുവന്‍’ എന്ന ചിത്രവും വിജയിച്ചില്ല. അതുകൊണ്ടു തന്നെ റെജി നായരെ സംബന്ധിച്ചിടത്തോളം ‘ഗണപതി’യുടെ വിജയം അനിവാര്യമാണ്.

‘മകന്‍റെ അച്ഛന്‍‘ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം വി എം വിനു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗണപതി’. പല്ലാവൂര്‍ ദേവനാരായണന്‍, വേഷം, ബസ് കണ്ടക്ടര്‍ എന്നീ മമ്മൂട്ടിച്ചിത്രങ്ങള്‍ നേരത്തേ വിനു സംവിധാനം ചെയ്തിട്ടുണ്ട്. ഓം‌കാര്‍ നെടുമ്പുള്ളി ടീമിന്‍റെ ബാനറില്‍ കലാനായരാണ് ‘ഗണപതി’ നിര്‍മ്മിക്കുന്നത്. കൈതപ്രത്തിന്‍റെ വരികള്‍ ക്ക് മോഹന്‍ സിതാര ഈണം നല്‍കുന്നു. ഛായാഗ്രഹണം - പ്രദീപ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :