Last Modified വ്യാഴം, 14 ജനുവരി 2016 (15:46 IST)
‘മെമ്മറീസ്’ മലയാളത്തിലെ വലിയ ഹിറ്റുകളില്‍ ഒന്നാണ്. വളരെ ഗ്രിപ്പിംഗായ, സ്റ്റൈലിഷ് ത്രില്ലറായിരുന്നു അത്. ഒരു സീരിയല്‍ കില്ലറും അയാളെ അന്വേഷിച്ച് മദ്യത്തിനടിമയായ ഒരു പൊലീസ് ഉദ്യോഗസ്ഥനും. സാം അലക്സ് എന്ന കഥാപാത്രത്തെ ഉജ്ജ്വലമാക്കിയത് പൃഥ്വിരാജ്. ജീത്തു ജോസഫ് എന്ന സംവിധായകന്‍റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് മെമ്മറീസ്.
ആ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണ്. യുവതാരങ്ങളില്‍ ശ്രദ്ധേയനായ അരുള്‍ നിധിയാണ് ചിത്രത്തിലെ നായകന്‍. ‘ഈറം’ എന്ന മെഗാഹിറ്റ് ചിത്രത്തിന്‍റെ സംവിധായകനായ അറിവഴകനാണ് മെമ്മറീസിന്‍റെ റീമേക്കായ ‘ആറാത് സിനം’ ഒരുക്കുന്നത്. ഫെബ്രുവരിയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.
ഐശ്വര്യ ദത്ത, ഐശ്വര്യ രാജേഷ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. തമന്‍ സംഗീതം നല്‍കിയ ചിത്രത്തില്‍ വിജയ് യേശുദാസ് മനോഹരമായ ഒരു ഗാനം ആലപിക്കുന്നുണ്ട്. ചിത്രത്തിന്‍റെ 90 ശതമാനം ചിത്രീകരണവും പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
ശ്രീ തെനന്‍ഡല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ആറാത് സിനത്തിന്‍റെ കുറച്ചു സീനുകള്‍ ഇനി മധുരയില്‍ ചിത്രീകരിക്കാനുണ്ട്. വെറും 39 ദിവസങ്ങള്‍ കൊണ്ടാണ് ഈ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്നത്.
വളരെ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്നത് തമിഴ് സിനിമയില്‍ ഇപ്പോള്‍ പതിവായിരിക്കുകയാണ്. കമല്‍ഹാസന്‍ ചിത്രങ്ങളാണ് റെക്കോര്‍ഡ് സമയത്തിനുള്ളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്നതില്‍ മുമ്പില്‍. ‘പാപനാശം’ പൂര്‍ത്തിയാക്കിയത് 39 ദിവസം കൊണ്ടായിരുന്നു. തൂങ്കാവനം 35 ദിവസങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയായത്.