ബാലയെ വിടാതെ പിടിച്ച് വിക്രം, പിതാമഹന്‍ ടീം വീണ്ടും?
WEBDUNIA|
PRO
കരിയറില്‍ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് വിക്രം കടന്നുപോകുന്നത്. ‘അന്ന്യന്‍’ എന്ന മെഗാഹിറ്റിന് ശേഷം പിന്നീടൊരു വലിയ വിജയം വിക്രമിനെ അനുഗ്രഹിച്ചിട്ടില്ല. ഇറങ്ങിയ ബിഗ് ബജറ്റ് സിനിമകളെല്ലാം തകര്‍ന്നു തരിപ്പണമായി. ഇടയ്ക്ക് ആശ്വസിക്കാന്‍ ഒരു ‘ദൈവത്തിരുമകള്‍’ മാത്രം.
എന്നാല്‍ ഇനി വരുന്ന വിക്രം ചിത്രം ഒരു വന്‍ സംഭവമാകുമെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ട്. കാരണം അത് ഷങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ്. ‘ഐ’ എന്ന് പേരിട്ടിരിക്കുന്ന ഈ റൊമാന്‍റിക് ത്രില്ലറിന്‍റെ ചെലവ് 100 കോടിയാണ്.
വല്ലപ്പോഴും ഒരു ഷങ്കര്‍ ചിത്രം കിട്ടിയതുകൊണ്ട് മാത്രം കാര്യമില്ലല്ലോ. കരിയര്‍ മുന്നോട്ടുപോകണമെങ്കില്‍ നല്ല സിനിമകളും വമ്പന്‍ വിജയങ്ങളും വേണം. അതിനുള്ള തീവ്രമായ അന്വേഷണത്തിലാണ് ഇപ്പോള്‍ വിക്രം.
അങ്ങനെയിരിക്കെയാണ് ബാല സംവിധാനം ചെയ്ത ‘പരദേശി’ വിക്രം കാണാനിടയായത്. ഉടന്‍ തന്നെ ബാലയെ ചെന്ന് കണ്ട് പരദേശിയുടെ ഗുണസവിശേഷതകള്‍ വാഴ്ത്തിപ്പാടി. മാത്രമല്ല, ബാലയ്ക്കൊപ്പം ഒരു സിനിമ കൂടി ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അറിയിച്ചു. ബാല എപ്പോള്‍ ഷൂട്ടിംഗ് തുടങ്ങണമെന്ന് അറിയിച്ചാല്‍ മാത്രം മതി, ഡേറ്റ് ഒരു വിഷയമേയല്ലെന്ന് വിക്രം ബോധിപ്പിച്ചിരിക്കുന്നു.
സേതു എന്ന ചിത്രത്തിലൂടെ വിക്രമിനെ ഇന്നത്തെ വിക്രം ആക്കിയത് ബാലയാണ്. പിന്നീട് പിതാമഹനിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടിക്കൊടുത്തു. ബാലയെ വിടാതെ പിടിക്കാന്‍ തന്നെയാണ് എന്തായാലും വിക്രമിന്‍റെ തീരുമാനം.