പൃഥ്വിരാജിന്‍റെ ‘ഊഴം’ ഒരു പരാജയമാണോ? എന്താണ് സത്യം? !

ഒപ്പം വലിയ ഹിറ്റായി, ഊഴമോ?

Oozham, Jeethu Joseph, Prithviraj, Neeraj Madhav, Mammootty, Jayaram, ഊഴം, ജീത്തു ജോസഫ്, പൃഥ്വിരാജ്, നീരജ് മാധവ്, മമ്മൂട്ടി, ജയറാം
Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2016 (18:08 IST)
ഓണച്ചിത്രങ്ങളില്‍ ആഘോഷിക്കപ്പെട്ടത് പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീമിന്‍റെ ഒപ്പമാണ്. ഒരു ക്രൈം ത്രില്ലറായിരുന്നെങ്കിലും ചിത്രം കുടുംബങ്ങള്‍ ഏറ്റെടുത്തു. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി ഒപ്പം മാറി. അതിനിടയില്‍ മറ്റൊരു വമ്പന്‍ ചിത്രവും റിലീസ് ചെയ്തിരുന്നു. പൃഥ്വിരാജ് - ജീത്തു ജോസഫ് ടീമിന്‍റെ ‘ഊഴം’.

എന്താണ് ഊഴത്തിന്‍റെ സ്ഥിതി? ചിത്രം വിജയമാണോ പരാജയമാണോ? ഒപ്പത്തിന്‍റെ പകിട്ടിന് മുന്നില്‍ ഊഴം തകര്‍ന്നുപോയോ? എന്തായാലും ഊഴത്തിന്‍റെ സ്ഥിതി അത്ര സന്തോഷകരമല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ആദ്യ 20 ദിവസത്തിനുള്ളില്‍ ചിത്രം കേരളത്തില്‍ നിന്ന് നേടിയ കളക്ഷന്‍ 14.2 കോടി രൂപയാണ്. സിനിമയുടെ ബജറ്റ് 10 കോടിയാണ്. ആദ്യ ഇരുപത് ദിവസം കൊണ്ട് നിര്‍മ്മാതാവിന് ലഭിക്കുന്ന തിയേറ്റര്‍ ഷെയര്‍ 6.5 കോടി രൂപയാണ്.

പുലിമുരുകന്‍, തോപ്പില്‍ ജോപ്പന്‍, റെമോ തുടങ്ങിയ വമ്പന്‍ ചിത്രങ്ങള്‍ ഈയാഴ്ച എത്തുന്നുണ്ട്. അവയോടൊക്കെ ഊഴം പിടിച്ചുനില്‍ക്കാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ തിയേറ്ററുകളില്‍ നിന്ന് മാത്രം ഊഴം നിര്‍മ്മാതാവിന് ലാഭം നേടിക്കൊടുക്കുന്ന കാര്യം ഇനി സംശയമാണ്.

ചിത്രം പരാജയപ്പെട്ടില്ലെങ്കിലും ഒരു ശരാശരി ബിസിനസിന് മുകളില്‍ നടന്നില്ല എന്നത് ദുഃഖകരമായ സത്യമാണ്. ദൃശ്യത്തിനും മെമ്മറീസിനും ശേഷം ജീത്തു ജോസഫില്‍ നിന്ന് എത്തുന്ന ത്രില്ലര്‍ എന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് ഊഴത്തേക്കുറിച്ച് ഉണ്ടായിരുന്നത്. എന്നാല്‍ പ്രേക്ഷകരുടെ വലിയ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയരാന്‍ ഊഴത്തിന് കഴിഞ്ഞില്ല. ഒപ്പത്തിന്‍റെ അസാധാരണമായ വിജയവും ഊഴത്തിന്‍റെ ശോഭ കെടുത്തി.

സാറ്റലൈറ്റ് റൈറ്റും ഓവര്‍സീസ് പ്രകടനവും എല്ലാം ചേരുമ്പോള്‍ നിര്‍മ്മാതാവിന് ഊഴം നഷ്ടം വരുത്തില്ല എന്ന് പ്രതീക്ഷിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :