പാലേരി മാണിക്യം വിദേശത്ത്

PRDPRO
രഞ്ജിത് സംവിധാനം ചെയ്യുന്ന ‘പാലേരി മാണിക്യം കൊലക്കേസ്’ എന്ന ചിത്രത്തിലെ ചില പ്രധാന രംഗങ്ങള്‍ വിദേശരാജ്യങ്ങളില്‍ ചിത്രീകരിക്കും. പാരീസില്‍ ചിത്രീകരിക്കാനാണ് ആലോചിക്കുന്നത്. 57 വര്‍ഷം മുമ്പുള്ള പാലേരിനാട് മംഗലാപുരത്ത് പുനഃസൃഷ്ടിക്കാനാണ് തീരുമാനമെന്നും അറിയുന്നു. കേരളത്തിലെ ചില ലൊക്കേഷനുകളും ആലോചിക്കുന്നു. മേയ് 15ന് ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം ആരംഭിക്കും. അതിനു ശേഷം ജൂണ്‍ അവസാനം ചിത്രീകരണം തുടരാനാണ് പരിപാടി.

മമ്മൂട്ടിയാണ് ചിത്രത്തിലെ നായകന്‍. ബാക്കിയുള്ള അഭിനേതാക്കളെല്ലാം നാടകരംഗത്തു നിന്നുള്ളവരാണ്. നായിക ഉള്‍പ്പടെയുള്ളവരെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ നായികയെ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പാലേരി മാണിക്യത്തിനായി സംഘടിപ്പിച്ച അഭിനയക്കളരി ഏറെ ശ്രദ്ധനേടിയിരുന്നു. നാനൂറോളം അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുത്ത 31 നവാഗതരെയാണ് ക്യാമ്പില്‍ പരിശീലിപ്പിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം നാടകപശ്ചാത്തലമുള്ളവരാണ്.

ഒരു കൊലപാതകക്കേസ് അന്വേഷിക്കാന്‍ ഡല്‍‌ഹിയില്‍ നിന്നെത്തുന്ന കുറ്റാന്വേഷകനായാണ് പാലേരി മാണിക്യത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പാലേരിയില്‍ അഞ്ച് ദശാബ്‌ദങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു കൊലക്കേസിന് തുമ്പുണ്ടാക്കുക എന്നതാണ് ഈ കുറ്റാന്വേഷകന്‍റെ ലക്‍ഷ്യം.

ടി പി രാജീവന്‍റെ ആദ്യ നോവലായ ‘പാലേരി മാണിക്യം കൊലക്കേസ്’ ആണ് രഞ്ജിത്തിന്‍റെ സിനിമയ്ക്ക് ആധാരമാകുന്നത്. ഒരു ഡിറ്റക്ടീവ് നോവല്‍ എന്ന അടിക്കുറിപ്പോടെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന ഈ നോവല്‍, മാണിക്യം എന്ന പെണ്‍കുട്ടിയുടെ മരണത്തെ സംബന്ധിച്ച ദുരൂഹതകളാണ് പ്രമേയമാക്കിയത്.

WEBDUNIA| Last Modified ചൊവ്വ, 21 ഏപ്രില്‍ 2009 (12:13 IST)
1957ല്‍ മാണിക്യം എന്ന ഇരുപതുകാരി മരിക്കുകയും അഞ്ച് ദശാബ്ദങ്ങള്‍ക്ക് ശേഷം ഒരു കുറ്റാന്വേഷകന്‍ ആ മരണത്തിലെ സത്യങ്ങള്‍ തേടി രംഗത്തെത്തുകയും ചെയ്യുന്ന രീതിയിലാണ് കഥ ആരംഭിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :