പഴശ്ശിരാജ ഓഗസ്റ്റ് 10ന്

PROPRO
മമ്മൂട്ടിയുടെ ചരിത്ര സിനിമ പഴശ്ശിരാജ ഓഗസ്റ്റ് 10ന് റിലീസ് ചെയ്യും. ചിത്രത്തിന്‍റെ എഡിറ്റിംഗ് ജോലികള്‍ ചെന്നൈയില്‍ പുരോഹമിക്കുകയാണ്. രണ്ടു വര്‍ഷത്തിന് മുന്‍‌പ് ആരംഭിച്ച ഈ സിനിമയുടെ ജോലികള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുന്നു. എഡിറ്റിംഗ്, ഡബ്ബിംഗ്, സൌണ്ട് മിക്സിംഗ് എല്ലാം തകൃതിയില്‍ നടന്നു വരികയാണ്.

പഴശ്ശിരാജ പോലുള്ള ഒരു ബിഗ് ബജറ്റ് ചിത്രം ഏതെങ്കിലും ഒരു സമയത്തിന് റിലീസ് ചെയ്തിട്ട് കാര്യമില്ലെന്ന തിരിച്ചറിവാണ് റിലീസ് ഓണക്കാലത്തേക്ക് നീട്ടാന്‍ നിര്‍മ്മാതാവിനെ പ്രേരിപ്പിച്ചത്. ചിത്രത്തിന്‍റെ എഡിറ്റിംഗ് ജോലികള്‍ പുരോഗമിക്കുമ്പോള്‍ അണിയറ പ്രവര്‍ത്തകരെല്ലാം ആവേശത്തിലാണ്. മലയാള സിനിമയില്‍ മറ്റ് താരതമ്യങ്ങള്‍ ഇല്ലാത്ത രീതിയില്‍ മികച്ച സിനിമയായി പഴശ്ശിരാജ മാറിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വിഷുവിനും ഓണത്തിനും ഈ വിഷുവിനും പഴശ്ശിരാജ റിലീസ് ചെയ്യാനുള്ള നീക്കങ്ങള്‍ നടന്നിരുന്നു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ചിത്രീകരണം നീണ്ടുപോകുകയായിരുന്നു. ഒരു വടക്കന്‍ വീരഗാഥയെ മറികടക്കുന്ന സിനിമയായിരിക്കും പഴശ്ശിരാജയെന്ന് സംവിധായകന്‍ തന്നെ ഉറപ്പുനല്‍കുന്നു.

പത്തു കോടിയിലധികമാണ് ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ബജറ്റ്. എം ടി വാസുദേവന്‍ നായര്‍ തിരക്കഥ രചിക്കുന്ന പഴശ്ശിരാജ 200 വര്‍ഷം മുന്‍പുള്ള കേരള ചരിത്രത്തിലേക്കാണ് വെളിച്ചം വീശുന്നത്. ഗോകുലം ഗോപാലനാണ് നിര്‍മ്മാതാവ്. മമ്മൂട്ടി പഴശ്ശിരാജയായും ശരത്കുമാര്‍ എടച്ചേന കുങ്കനായും സുമന്‍ പഴയം‌വീടന്‍ ചന്തുവായും അഭിനയിക്കുന്നു. കനിഹയാണ് ഈ ചിത്രത്തിലെ നായിക.

മനോജ് പിള്ളയാണ് പഴശ്ശിരാജയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഇളയരാജയാണ് സംഗീതസംവിധാനം. അതിഗംഭീരമായ ഗാനങ്ങളാണ് ഇളയരാജ ഈ സിനിമയ്ക്കായി ഒരുക്കിയിരിക്കുന്നത്. ഗുരുവിന് ശേഷം ഇത്രയും ഗവേഷണം നടത്തി ഒരു മലയാള ചിത്രത്തിന് ഇളയരാജ സംഗീതം നല്‍കുന്നത് ഇത് ആദ്യമാണ്.

WEBDUNIA| Last Modified വ്യാഴം, 12 ഫെബ്രുവരി 2009 (18:14 IST)
പഴശ്ശിരാജയുടെ ഭരണകാലവും, ഗറില്ലാ യുദ്ധവും, ബ്രിട്ടീഷുകാരുമായുള്ള പോരാട്ടവും എല്ലാം ഗംഭീരമായി സന്നിവേശിപ്പിക്കുകയാണ് ഹരിഹരന്‍ ഈ ചരിത്ര സിനിമയിലൂടെ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :