നോട്ട്‌ബുക്കിലൂടെയും ചോക്കളേറ്റിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ റോമയ്ക്ക് നായകന്‍മാരെ ഭയമാണ്! നായക കഥാപാത്രത്തിന് തന്നെക്കാള്‍ വളരെയധികം പൊക്കവും തടിമുണ്ടാവുന്നതിനെ കുറിച്ചാണത്രേ ഈ നടിക്ക് പരിഭ്രമം. നായകന് മുന്‍തൂക്കം ലഭിച്ചാല്‍ തന്നെ ആരും ശ്രദ്ധിക്കില്ല എന്നാണ് ഈ നടി ഭയപ്പെടുന്നത്.
എന്നാല്‍, ഈ ഭീതി അസ്ഥാനത്ത് ആണെന്ന് റോമ തന്നെ തെളിയിക്കണമെന്നാണ് വിധി. സ്റ്റാര്‍ സിംഗര്‍ എന്ന സിനിമയില്‍ ഈ നായിക സുരേഷ്ഗോപിക്കൊപ്പമാണ് അഭിനയിക്കുന്നത്! സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയില്‍ സെലിബ്രിറ്റിയായും റോമ എത്തിയിരുന്നു.
ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ ഭാഗ്യം പരീക്ഷിക്കുന്ന ഗായികയുടെ റോളാണ് റോമയ്ക്ക്. റിലായിലിറ്റി ഷോയുടെ പിന്നില്‍ നടക്കുന്ന സംഭവങ്ങള്‍ ജനങ്ങളുടെ മുന്നില്‍ തുറന്നു കാട്ടുന്ന ചിത്രമായിരിക്കും ഇതെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.
വിജി തമ്പി സംവിധാനം ചെയ്യുന്ന സ്റ്റാര്‍സിംഗറില്‍ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ഐഡിയ സ്റ്റാര്‍ സിംഗറില്‍ പങ്കെടുത്ത 50 ഓളം ഗായകര്‍ അഭിനയിക്കുന്നുണ്ട്. അഞ്ച് ഗാനരചയിതാക്കളും ആറ് സംഗീത സംവിധായകരും ഈ ചിത്രത്തിന്‍റെ ഭാഗമാവും.
റോമയ്ക്ക് ഒപ്പം വസുന്ധര ദാസും പ്രധാന വേഷത്തില്‍ എത്തുന്ന സ്റ്റാര്‍ സിംഗര്‍ ഹില്‍ ടോപ്പ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സലിമാണ് നിര്‍മ്മിക്കുന്നത്. ബാബു പല്ലശ്ശേരിയാണ് തിരക്കഥ എഴുതിയിരിക്കുന്നത്.