നയന്‍സിന് അഭിനയിക്കണം; ‘അദ്ദേഹം’ വിടുന്നില്ല!

Nayanthara
WEBDUNIA| Last Modified തിങ്കള്‍, 18 ഒക്‌ടോബര്‍ 2010 (12:44 IST)
PRO
PRO
പ്രഭുദേവയുമായുള്ള പ്രണയം കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍ ‘ഞാനിനി അഭിനയിക്കില്ല’ എന്ന് ശപഥമെടുത്ത നയന്‍‌താരയ്ക്ക് മനസുമാറ്റം. തനിക്ക് തുടര്‍ന്നും അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ കാമുകനായ സമ്മതിക്കുന്നില്ല എന്നും നയന്‍‌താര വെളിപ്പെടുത്തിയെന്ന് കോടമ്പാക്കം വാര്‍ത്ത. റം‌ലത്ത് കോടതിയെ സമീപിച്ചിരിക്കുന്നതിനാല്‍ കല്യാണത്തിന് കാലതാമസം നേരിട്ടേക്കുമെന്ന ഭയമാണ് നയന്‍‌താരയെ വീണ്ടും അഭിനയിക്കാന്‍ പ്രേരിപ്പിച്ചത് എന്നറിയുന്നു.

റം‌ലത്തിനെ കോടതിയില്‍ തന്നെ നേരിട്ട് വിവാഹമോചനം നേടിയെടുക്കാന്‍ പൊരിഞ്ഞ പരിശ്രമം നടത്തുന്ന പ്രഭുദേവയ്ക്ക് നയന്‍‌താരയെ അഭിനയിപ്പിക്കാന്‍ വിടാന്‍ താല്‍‌പര്യമില്ല. റം‌ലത്തിനെ ഒഴിവാക്കിയിട്ട് മതി മറ്റ് പൊല്ലാപ്പുകള്‍ തലയില്‍ വയ്ക്കുന്നത് എന്നാണ് നയന്‍‌സിനെ പ്രഭുദേവ ഉപദേശിച്ചിരിക്കുന്നത് എന്നറിയുന്നു.

പുതിയ സിനിമകളുടെ കഥകളുമായി അനേകം പേര്‍ തന്നെ സമീപിക്കുന്നുണ്ടെന്ന് നയന്‍‌താര പറയുന്നു. ഇഷ്‌ടപ്പെട്ട രീതിയിലുള്ള ചില കഥകള്‍ നയന്‍‌താര തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ പ്രഭുദേവയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് നയന്‍‌താര പുതിയ പ്രൊജക്റ്റുകളില്‍ നിന്ന് പിന്‍‌വാങ്ങുകയായിരുന്നു.

“എനിക്ക് അഭിനയിക്കാന്‍ അതിയായ ആഗ്രഹമുണ്ട്. എന്നാല്‍ അദ്ദേഹത്തിന് അതില്‍ ഒട്ടും താല്‍‌പര്യമില്ല. ഇനിയാരും കോള്‍‌ഷീറ്റും പുതിയ കഥകളും ആയി എന്നെ സമീപിക്കേണ്ടതില്ല. എന്‍റെ കാര്യത്തില്‍ അദ്ദേഹത്തിന്‍റേതാണ് അവസാന വാക്ക്. അതിനാല്‍ പുതിയ പ്രൊജക്റ്റുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അദ്ദേഹത്തെ സമീപിക്കുക. അദ്ദേഹം സമ്മതിച്ചാല്‍ ഞാന്‍ സഹകരിക്കാം” - എന്നാണെത്രെ പുതിയ കഥകളുമായി വരുന്ന്അവരോട് നയന്‍‌താര പറയുന്നത്.

‘ഞാന്‍ ഒരിക്കലും കല്യാണം കഴിക്കില്ല, എനിക്ക് ആണുങ്ങളെ കണ്ടുകൂടാ’ എന്നൊക്കെ ഒരു പ്രമുഖ മലയാള പ്രസിദ്ധീകരണത്തിന് കൊടുത്ത അഭിമുഖത്തില്‍ ഒരിക്കല്‍ നയന്‍‌താര പറഞ്ഞിരുന്നു. തന്‍റേടിയും പുതിയ തലമുറയിലെ ഫെമിനിസ്റ്റും ആയാണ് പ്രസിദ്ധീകരണം നയന്‍‌താരയെ അവതരിപ്പിച്ചത്. എന്നാല്‍ ചിമ്പുവുമായുള്ള പ്രണയം തുടങ്ങിയപ്പോള്‍ ‘അഭിപ്രായം ഇരുമ്പുലക്കയല്ല’ എന്ന് കാച്ചാനും ഈ താരത്തിന് തെല്ലും ചളിപ്പ് ഉണ്ടായില്ല. ഇപ്പോള്‍ രണ്ടാം കാമുകനുമായി കുടും‌ബം നടത്താനുള്ള തയ്യാറെടുപ്പില്‍ ആയതിനാല്‍ ‘ആണുങ്ങളെ കണ്ടുകൂടാ’ എന്നെന്നും ഈ വിവാദസുന്ദരി ഇനി പറഞ്ഞുകളയുമെന്ന് തോന്നുന്നില്ല!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :